ഏലസ്സ്, ചരട്, മൃഗത്തോല്‍, പലതരം മന്ത്രങ്ങള്‍ കുറിച്ച കടലാസുകള്‍: ദുബായ് വിമാനത്താവളത്തില്‍ പ്രവാസികള്‍ കൊണ്ടുവന്ന 47.6 കിലോ മന്ത്രവാദ കൂടോത്ര സാധനങ്ങള്‍ പിടികൂടി

single-img
7 February 2019

ദുബായ് വിമാനത്താവളത്തില്‍ മന്ത്രവാദത്തിനും ക്ഷുദ്ര പ്രവൃത്തികള്‍ക്കും വേണ്ടി കടത്തിയ 47.6 കിലോ വസ്തുക്കള്‍ പിടിച്ചെടുത്തു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും തപാല്‍ ഉരുപ്പടികളായും യാത്രക്കാര്‍ വഴിയുമാണ് ഈ വസ്തുക്കള്‍ വിമാനത്താവളത്തിലെത്തിയതെന്ന് ദുബായ് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടത്തിയ 12 കസ്റ്റംസ് പരിശോധനകളിലാണ് മന്ത്രവാദ വസ്തുക്കളുടെ കടത്ത് തടഞ്ഞത്. ആഫ്രിക്കയില്‍ നിന്നുമെത്തിയ ഒരു യാത്രക്കാരനില്‍ നിന്നു മാത്രം പത്തര കിലോ മന്ത്രവാദ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. വ്യക്തികളുടെ വിലാസത്തില്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് കൂടോത്ര വസ്തുക്കള്‍ പായ്ക്ക് ചെയ്തിരുന്നത്.

ഏലസ്സുകള്‍, ചരടുകള്‍, മൃഗത്തോലുകള്‍, പലതരം മന്ത്രങ്ങള്‍ കുറിച്ച കടലാസുകള്‍, മാരണത്തിനു ഉപയോഗിക്കുന്ന ചില പുസ്തകങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തവയില്‍ ഉണ്ടായിരുന്നതെന്നു ദുബായ് കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തി.

ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംയുക്ത സഹകരണവും സമൂഹത്തില്‍ ബോധവല്‍ക്കരണവും വേണമെന്ന് കസ്റ്റംസ് അധികൃതര്‍ അഭിപ്രായപ്പെട്ടു.