ശബരിമല വിധിയില്‍ എന്ത് പിഴവെന്ന് ചീഫ് ജസ്റ്റിസ്; പിഴവുകളുണ്ടെന്ന് എന്‍എസ്എസ് അഭിഭാഷകന്‍

single-img
6 February 2019

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു. ആദ്യം വാദം കേള്‍ക്കുന്നത് എന്‍എസ്എസിന്റെ പുനപരിശോധനാ ഹര്‍ജിയാണ്. ശബരിമല വിധിയില്‍ എന്ത് പിഴവാണുള്ളതെന്ന് വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്തുകൊണ്ട് വിധി പുനപരിശോധിക്കണം എന്നതിലേക്ക് വാദം ഒതുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ ഇപ്പോള്‍ വാദഗതികള്‍ അറിയിക്കുകയാണ്. പിഴവുകള്‍ വിശദീകരിക്കാന്‍ കഴിയുമെന്ന് പരാശരന്‍ അറിയിച്ചു. ഭരണഘടനയുടെ 15ാം അനുച്‌ഛേദം പ്രകാരം ക്ഷേത്രങ്ങളെ പൊതു ഇടം ആക്കി തുറന്നു കൊടുക്കുന്നത് ശരിയല്ലെന്ന് പരാശരന്‍ വാദിച്ചു. ഇതു പ്രകാരം ക്ഷേത്രത്തിലെ ആചാരങ്ങള്‍ മാറ്റുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഈ വാദത്തെ മുതിര്‍ന്ന അഭിഭാഷകനായ റോഹിങ്ടന്‍ നരിമാന്‍ എതിര്‍ത്തു.

വിധി കേള്‍ക്കുന്നതിനായി കോടതി മുറി നിറഞ്ഞ് ആളുകളാണ്. പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹര്‍ജികള്‍ മാത്രമെ പരിഗണിക്കുവെന്നാണു നേരത്തേ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.