പുനപരിശോധന ഹര്‍ജികളില്‍ സാധാരണ വിയോജിച്ചു വിധിയെഴുതുന്ന പതിവില്ല; ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തുമോ?; ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം; നിയമ വൃത്തങ്ങളിലും ആകാംക്ഷ

single-img
6 February 2019

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്നു പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹര്‍ജികള്‍ മാത്രമെ പരിഗണിക്കുവെന്നാണു നേരത്തേ അറിയിച്ചിരുന്നത്. രാവിലെ 10.30നാണ് ഹര്‍ജികള്‍ കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.

സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നല്‍കിയ 56 ഹര്‍ജികള്‍, പുറമെ വിധിയിലെ മൗലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹര്‍ജികള്‍, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്റെ ഒരു സാവകാശ ഹര്‍ജി. അങ്ങനെ ആകെ 65 ഹരജികളാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്.

ശബരിമല വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും വ്യത്യസ്തമായാണ് കോടതി നേരത്തെ പരിഗണിച്ചിരുന്നത്. എന്നാല്‍ എല്ലാ ഹര്‍ജികളും ഒരുമിച്ചു പരിഗണിക്കാനുള്ള കോടതി തീരുമാനം നിയമ വൃത്തങ്ങളിലും ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ സമീപനം പ്രവചനാതീതം. എങ്കിലും അഞ്ചു സാധ്യതകളാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

  1. യുവതീ പ്രവേശന വിധി പുനഃപരിശോധിക്കേണ്ടെന്ന് വിലയിരുത്തി പുനപരിശോധന ഹര്‍ജികള്‍ അടക്കം എല്ലാ ഹര്‍ജികളും തള്ളുക.
  2. ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സമയക്രമം നിശ്ചയിച്ചു കേസ് മാറ്റുക.
  3. വിധി പുനഃപരിശോധിക്കാനായി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുക. യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യുക.
  4. ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാനായി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുക. എന്നാല്‍ യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാതിരിക്കുക.
  5. ഏഴംഗ ബെഞ്ചിന് ഹര്‍ജികള്‍ വിടണമോ എന്നു പരിശോധിക്കുക

ഏതു തീരുമാനത്തിനും നിര്‍ണ്ണയകമാവുക ബെഞ്ചിലെ ഭൂരിപക്ഷ നിലപാടാണ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് നിലവില്‍ യുവതീ പ്രവേശന വിധിയോടുള്ള വിയോജിപ്പ് തുറന്നെഴുതിയിട്ടുള്ളത്. ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഭൂരിപക്ഷ വിധിക്കൊപ്പം നിന്നവരും. ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസിന്റെ നിലപാട് വിധിക്ക് എതിരോ, അനുകൂലമോ എന്നത് നിര്‍ണായകമാകും.

അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ എങ്കിലും വിധി പുനപരിശോധിക്കണമെന്ന നിലപാടില്‍ എത്തിയാലെ അത് സാധ്യമാകൂ. അതിന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് പുറമേ ഭൂരിപക്ഷ വിധിന്യായത്തിന്റെ ഭാഗമായ ഒരു ജഡ്ജിയും ചീഫ് ജസ്റ്റിസുമെങ്കിലും വിചാരിക്കേണ്ടി വരും.

പുനപരിശോധന ഹര്‍ജികളില്‍ സാധാരണ വിയോജിച്ചു വിധിയെഴുതുന്ന പതിവില്ല. ഹര്‍ജികള്‍ തള്ളാന്‍ ആണ് ബെഞ്ചിന്റെ തീരുമാനം എങ്കില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തുമോ? കേവലം ഒരു ജഡ്ജിയുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്ന ചര്‍ച്ചയിലേക്ക് ചീഫ് ജസ്റ്റിസ് കടക്കുമോ തുടങ്ങിയ സംശയങ്ങളും ചില നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.