ഇന്ന് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

single-img
6 February 2019

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരേയുള്ള ഏകദിന പരമ്പര അനായാസം നേടിയ ഇന്ത്യ ട്വന്റി 20യിലും വെന്നിക്കൊടി പാറിക്കാന്‍ തയാറെടുക്കുന്നു. മൂന്നു മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വെല്ലിംഗ്ടണില്‍. നാലാം ഏകദിനം മുതല്‍ കോഹ്‌ലിക്കു വിശ്രമം നല്‍കിയതിനാല്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.

അതേസമയം രോഹിത് ശര്‍മ ഒരു ചരിത്ര നേട്ടത്തിന്റെ പടിവാതിലിലാണ്. 36 റണ്‍സ് കൂടി നേടിയാല്‍ രോഹിത് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന നേട്ടം സ്വന്തമാക്കും. നിലവില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലാണ് ഈ നേട്ടത്തിനുടമ.

90 ടി20 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറികള്‍ സഹിതം 2237 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 76 മത്സരങ്ങളില്‍ നിന്ന് 2272 റണ്‍സാണ് ഗപ്ടിലിന്റെ പേരിലുള്ളത്. എന്നാല്‍ പരിക്കേറ്റ ഗപ്ടില്‍ പരമ്പരയില്‍ കളിക്കാത്തത് രോഹിത്തിന്റെ സാധ്യത കൂട്ടുന്നു. ഇതിന് പുറമെ രണ്ട് സിക്‌സറുകള്‍ കൂടി നേടിയാല്‍ ട്വന്റി20യില്‍ സിക്‌സറുകളില്‍ സെഞ്ചുറി തികയ്ക്കാനും രോഹിത്തിനാവും.

103 സിക്‌സറുകള്‍ നേടിയിട്ടുള്ള മാര്‍ട്ടിന്‍ ഗപ്ടിലും ക്രിസ് ഗെയ്‌ലും മാത്രമാണ് ട്വന്റി20യില്‍ സിക്‌സര്‍ സെഞ്ചുറി തികച്ച ബാറ്റ്‌സ്മാന്‍മാര്‍. ഇതിനു പുറമെ പരമ്പര നേടിയാല്‍ ന്യൂസിലന്‍ഡില്‍ ട്വന്റി20 പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും രോഹിത്തിന് സ്വന്തമാവും.