ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനുമെതിരെ കേസെടുത്തു

single-img
6 February 2019

കോഫീ വിത്ത് കരണ്‍ ടെലിവിഷന്‍ പരിപാടിയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും അവതാരകന്‍ കരണ്‍ ജോഹറിനും എതിരെ കേസ്. രാജസ്ഥാനിലെ ജോധ്പുര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാണ്ഡ്യക്കും രാഹുലിനും എതിരായ വിലക്ക് ബിസിസിഐ നീക്കിയതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരാമര്‍ശങ്ങള്‍ വിവാദമായതോടെ ബി.സി.സി.ഐ ഇരുവരെയും വിലക്കിയിരുന്നു. ഇവര്‍ക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്ന് സി.ഒ.എ ആവശ്യപ്പെടുകയും ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനായി മുന്‍പായിട്ടാണ് ഇരുവരേയും ടീമില്‍ നിന്നും വിലക്കി നാട്ടിലേക്ക് തിരികെ വിളിച്ചത്.

ഇതിനു പിന്നാലെ ഇരുവര്‍ക്കുമെതിരായ വിലക്ക് നീക്കിയ ബി.സി.സി.ഐ താരങ്ങളെ കളിപ്പിക്കുകയും ചെയ്തിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയോടെ ടീമില്‍ തിരിച്ചെത്തിയ ഹര്‍ദിക് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ.എല്‍ രാഹുലിന് വിവാദത്തിന് മുന്‍പുണ്ടായിരുന്ന ഫോമില്ലായ്മയില്‍ നിന്നും കരകയറുവാനായിട്ടില്ല.

ചാറ്റ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്റെ മുറിയില്‍ നിന്ന് 18 വയസിനുള്ളില്‍ തന്നെ പിതാവ് കോണ്ടം കണ്ടെത്തിരുന്നെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.