Entertainment, Movies

നിഹാല്‍ രാജ് (കിച്ച) ‘യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി’ ജേതാവ്

എസ്ബിഐയുടെ യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി അവാര്‍ഡ് ജേതാവായി കൊച്ചി സ്വദേശിയായ ഏഴു വയസുകാരന്‍ നിഹാല്‍ രാജ് (കിച്ച) തെരഞ്ഞെടുക്കപ്പെട്ടു. തങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും കൊണ്ടു സമൂഹത്തില്‍ മാറ്റമുണ്ടാക്കിയ യുവ പ്രതിഭകളെ ആദരിക്കുന്നതിനാണ് യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി അവാര്‍ഡുകള്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപം നല്‍കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ പുരുഷ വിഭാഗത്തിലാണ് നിഹാല്‍ രാജ് വിജയിയായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫാണ് നിഹാല്‍. ബെംഗളുരുവില്‍ നടന്ന ഗ്രാന്‍ഡ് അവാര്‍ഡ് ദാന ചടങ്ങില്‍ എട്ടംഗ ജൂറി പാനല്‍ തെരഞ്ഞെടുത്ത 20 പ്രതിഭകളെ ആദരിച്ചു.

കോഴിക്കോട്ടെ പ്രശസ്ത കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ജോലി രാജിവച്ച് കൊച്ചിയില്‍ കേക്ക് ബിസിനസ് നടത്തുന്ന അമ്മ റൂബി ഉണ്ടാക്കുന്ന കേക്ക് മണമാണ് നാലാം വയസ്സില്‍ നിഹാലിനെ അടുക്കളയിലെത്തിച്ചത്. പാചകത്തില്‍ തെളിഞ്ഞപ്പോള്‍ ആദ്യം ഉണ്ടാക്കിയത് മിക്കി മൗസ് മാംഗോ ഐസ്‌ക്രീം. പാകംചെയ്യുന്ന വിധം ഇംഗ്ലിഷില്‍ സ്‌റ്റൈലായി വിവരിക്കുന്ന വിഡിയോ പിതാവും സെന്‍ട്രല്‍ അഡ്വര്‍ടൈസിങ് കമ്പനി മാനേജരുമായ രാജഗോപാല്‍ വെറുതെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. അതിനു ലൈക്ക് കൂടിയതോടെ കിച്ച കുക്കിങ്ങിനുവേണ്ടി സ്വന്തമായി ഒരു ചാനല്‍ തുടങ്ങി. സ്‌റ്റൈലനൊരു പേരുമിട്ടു; കിച്ച ട്യൂബ്. 2015 ജനുവരി മുതല്‍ ഇതുവരെ ഇരുപതിലേറെ വിഡിയോകളാണു രുചിമണത്തോടെ അപ്‌ലോഡ് ചെയ്തത്.

കിച്ച ട്യൂബ് യുട്യൂബില്‍ രുചി പിടിക്കുന്നതിനിടെയാണ് ഫെയ്‌സ് ബുക്കില്‍നിന്ന് ആ മെയില്‍ എത്തുന്നത്. കിച്ചയുടെ മിക്കി മൗസ് മാംഗോ ഐസ്‌ക്രീം വിഡിയോ ഫെയ്‌സ് ബുക്കിന് കൈമാറുന്നോ എന്നായിരുന്നു ചോദ്യം. ഏതു പ്രായക്കാര്‍ക്കും ഫെയ്‌സ്ബുക്കില്‍ ഒരു ഇടമുണ്ട് എന്നു തെളിയിക്കാനുള്ള ഫെയ്‌സ്ബുക് ക്യാംപെയ്‌ന്റെ ഭാഗമായാണ് അവര്‍ കിച്ചയുടെ വിഡിയോ ആവശ്യപ്പെട്ടത്. 2000 ഡോളര്‍ (ഉദ്ദേശം 1,40,000 രൂപ) പ്രതിഫലം നല്‍കി ഫെയ്‌സ്ബുക് ആ വിഡിയോ വാങ്ങിയതോടെയാണു കിച്ചയുടെ രാശി തെളിഞ്ഞത്. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിക്കു കിട്ടിയ ആദ്യ പ്രതിഫലം. വാര്‍ത്ത ജര്‍മനിയിലും ചൈനയിലും വരെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.

ഫെയ്‌സ്ബുക് വിഡിയോ വാങ്ങി അധികം വൈകാതെയാണു യുഎസിലെ എലെന്‍ ഷോയിലേക്കു കിച്ചയ്ക്കു വിളിയെത്തുന്നത്. ലോകപ്രശസ്തമാണ് എലെന്‍ ഡിജനറസ് അവതരിപ്പിക്കുന്ന എലെന്‍ ഷോ. മിഷേല്‍ ഒബാമയും മലാല യൂസഫ്‌സായിയുമടക്കം അതിഥികളായെത്തിയവരൊക്കെ ലോകപ്രശസ്തര്‍. ഇന്ത്യയില്‍നിന്ന് ഇതിനുമുന്‍പു പങ്കെടുത്തതു നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ വെള്ളിനക്ഷത്രങ്ങള്‍.

ലിറ്റില്‍ ഷെഫിനു പരിപാടിയില്‍ അവതരിപ്പിക്കാന്‍ ഒരു വിഭവം വേണം. അപ്പോഴാണു ‘പുട്ട്’ ആവിപറപ്പിച്ചെത്തിയത്. ഏത്തപ്പഴവും തേനും തേങ്ങയും ഫില്ലറായ പുട്ടിനുള്ള സ്‌പെഷ്യല്‍ റെസിപ്പിയും പുട്ടുപൊടിയുമൊക്കെ കൊടുത്തത് നടന്‍ ദിലീപിന്റെ ദേ പുട്ട് റസ്റ്ററന്റാണ്. എട്ടു മിനിറ്റ് പരിപാടിക്കിടെ കിച്ച എലെനെ പുട്ടുണ്ടാക്കാന്‍ പഠിപ്പിക്കുക മാത്രമല്ല, ‘പുറ്റുകുറ്റി’ എന്നു പറയിക്കുക കൂടി ചെയ്തു. യുട്യൂബില്‍ എലെന്‍ എപ്പിസോഡ് അവരുടെ ഔദ്യോഗിക സൈറ്റില്‍ മാത്രം കണ്ടത് 40 ലക്ഷം പേരാണ്.

ലണ്ടനിലെ ഐ ടിവിയില്‍ ലിറ്റില്‍ ബിഗ് ഷോട്‌സ് റിയാലിറ്റി ഷോയില്‍ ക്ഷണിക്കപ്പെട്ട 13 മിടുക്കരില്‍ ഒരാളായി കിച്ച പങ്കെടുത്തിരുന്നു. പല മേഖലകളില്‍ മികവുകാട്ടിയ ലോകമെങ്ങുമുള്ള 130 കുട്ടികളില്‍നിന്നു തിരഞ്ഞെടുത്തവര്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് ലിറ്റില്‍ ബിഗ് ഷോട്‌സ്. കരാട്ടെയും ഡാന്‍സും സ്‌പെല്‍ബീയുമൊക്കെയായി ബാക്കി 12 പേരും മിന്നിയപ്പോള്‍ കിച്ചയുടെ ഇളനീര്‍ ഐസ്‌ക്രീം നാടന്‍ കരിക്കിന്റെ കിളുന്നു രുചി പുറത്തെടുത്തു.