മിഷന്‍ മോദി ഫെയ്‌സ്ബുക്ക് പേജ് പുറത്തുവിട്ട ആ വീഡിയോ വ്യാജം

single-img
6 February 2019

ദേശവിരുദ്ധ പ്രസംഗം നടത്തിയതിന് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിക്കുന്ന ദ്യശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജം. മിഷന്‍ മോദി 2019 എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

5 ലക്ഷത്തിലധികം ഫോളോവേര്‍സ് ഉള്ള ഗ്രൂപ്പില്‍ 1000 ഷെയറുകള്‍ ഈ വീഡിയോക്ക് ലഭിച്ചു. സംഭവത്തിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ദ്യശ്യങ്ങള്‍ക്ക് പിന്നിലെ വസ്തുത മറ്റൊന്നായിരുന്നു. ചത്തിസ്ഗഢിലെ ബിലാസ്പൂറില്‍ നടന്ന പ്രതിഷേധമാണിത്.

കഴിഞ്ഞ സെപ്റ്റബറിലാണ് സംഭവം. ബിജെപി നേതാവിന്റെ വീടിന് മുമ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതിഷേധമാണ് ലാത്തിചാര്‍ജില്‍ കലാശിച്ചത്. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ അന്ന് ബിജെപിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ വാര്‍ത്തയുമായിരുന്നു ഇത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയക്ക് ഇക്കാര്യം ഓര്‍ക്കാന്‍ എളുപ്പമായി. എന്നാല്‍ കേന്ദ്ര ബജറ്റും ദേശ സ്‌നേഹവും കൂട്ടിക്കലര്‍ത്തി ചിലര്‍ പഴയ ദ്യശ്യങ്ങളെ പുതിയ കുപ്പിയിലാക്കി ഇറക്കിയത് ആശയക്കുഴപ്പം സ്യഷ്ടിച്ചെങ്കിലും, ഒടുവില്‍ സോഷ്യല്‍ മീഡിയ തന്നെ നേര് വെളിച്ചത്ത് കൊണ്ടുവന്നു.