ജനമഹായാത്ര: ഫണ്ടുമില്ല പങ്കാളിത്തവുമില്ല; ഗ്രൂപ്പിനതീതമായി പ്രവർത്തകരെ ഏകോപിപ്പിക്കാൻ മുല്ലപ്പള്ളി നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടി

single-img
6 February 2019

വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ ബൂത്ത് തലം മുതൽ ഉള്ള പ്രവർത്തകരെയും നേതാക്കളെയും തെരഞ്ഞെടുപ്പിന് സജ്ജരാക്കാൻ വേണ്ടി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ സംഘപിച്ച ജനമഹായാത്രക്കു തണുത്ത പ്രതികരണം. ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തകരെ ഒരുമിപ്പിക്കാൻ ആണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമം. ഇത് തന്നെയാണ് ജാഥക്ക് പ്രതിസന്ധിയുണ്ടാക്കിയതും.

അതിനിടെയാണ് ജനമഹായാത്രയ്ക്കു ഫണ്ട് സ്വരൂപിച്ചു നൽകാത്തത്തിന്‍റെ പേരില്‍ 10 കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ടിടപെട്ട് പിരിച്ചുവിട്ടത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ 10 മണ്ഡലം കമ്മിറ്റികൾക്ക് എതിരെയാണു കെപിസിസി പ്രസിഡന്റിന്റെ നിർദേശ പ്രകാരം അച്ചടക്ക നടപടിയെടുത്തത്. ആദ്യം മുതലേ മുല്ലപ്പള്ളിയുമായി അത്ര നല്ല ബന്ധത്തില്‍ അല്ലായിരുന്ന കെ സുധാകരനെ വിശ്വാസത്തിലെടുക്കാതെ ആയിരുന്നു മുല്ലപ്പള്ളിയുടെ ഈ നടപടി. ഇതോടെ പാര്‍ട്ടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എകാധിപതിയാകുവാന്‍ ശ്രമിക്കുകയാണ് എന്ന വിമര്‍ശനവും ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

ഫെബ്രുവരി മൂന്നാം തീയതി കാസർകോട് നിന്നുമാണ് ജാഥ ആരംഭിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആൻറണി ആണ് ഉദ്ഘാടനം നിർവഹിച്ചത്. മുല്ലപ്പള്ളിക്ക് പുറമേ ശൂരനാട് രാജശേഖരൻ ജോസഫ് വാഴയ്ക്കൻ രാജ്മോഹൻ ഉണ്ണിത്താൻ ലതികാസുഭാഷ് സി ആർ ജയപ്രകാശ് കെ സി ബാബു എന്നിവരാണ് ജാഥയിലെ സ്ഥിരം അംഗങ്ങൾ.