വീടു പൂട്ടി കല്യാണത്തിനുപോയി തിരിച്ചെത്തിയപ്പോള്‍ കട്ടിലിനടിയില്‍ പുള്ളിപ്പുലി; അത്യാഹിതം ഒഴിവായത് തലനാരിഴക്ക്; സംഭവം പാട്ടവയല്‍ വീട്ടിപ്പടിയില്‍

single-img
6 February 2019

പുലി ഭീതി ഒഴിയാതെ വയനാട്. ഏറ്റവും ഒടുവില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വീട്ടിനകത്താണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാട്ടവയല്‍ വീട്ടിപ്പടി വില്ലന്‍ വീട്ടില്‍ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ വീട് പൂട്ടി പോയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ‘ഗ്ര്ര്‍ര്‍ര്‍…..’ വീട്ടുകാരെ കണ്ടതോടെ മുരള്‍ച്ചയോടെ അതിഥി സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വീട് പുറത്ത് നിന്ന് പൂട്ടി.

അവശനിലയിലായിരുന്ന പുലി എപ്പോഴാണ് വീട്ടില്‍ കടന്നതെന്ന് വ്യക്തമല്ല. എസിഎഫ് വിജയന്‍, ബിദര്‍ക്കാട് റേഞ്ചര്‍ മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും എസ്‌ഐ അന്‍പരശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പുലിയെ കൂട് വച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

നാല് വയസ് പ്രായം തോന്നിക്കുന്ന പുലിയാണ് വീട്ടിനുള്ളില്‍ കയറിയത്. വീട്ടിപ്പടി സ്വദേശി ജോസിന്റെ വീടിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിയുകയും നാട്ടുകാരില്‍ ചിലര്‍ പുലിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഇവിടെ നിരീക്ഷണവും നടത്തിയിരുന്നു.