ഹിന്ദു മതാചാരനിയമത്തിന്റെ കോപ്പി ആവശ്യപ്പെട്ട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

single-img
6 February 2019

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള നിർണായക വിധിയ്ക്കെതിരെ നൽകിയ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികൾ തുടങ്ങി.

ഹര്‍ജി ഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ വി. രാമന്‍ വാദം ആരംഭിച്ചു. കോടതി ഇടപെടല്‍ മതാചാരത്തെ ബാധിക്കും. യുവതി പ്രവേശന വിലക്ക് അനിവാര്യമായ മത ആചാരമാണ്. ആചാരങ്ങളില്‍ ദേവപ്രശ്‌നം പ്രധാനമാണെന്നും അഡ്വ. വി. രാമന്‍ വാദിച്ചു.

ആചാരം എന്താണെന്ന് കോടതി തീരുമാനിക്കരുതെന്ന് അഡ്വ. വെങ്കട് രമണി പറഞ്ഞു.

ബ്രാഹ്മണ സഭ, ആചാര സംരക്ഷണ ഫോറം എന്നിവര്‍ക്കു വേണ്ടി ശേഖര്‍ നാഫ്‌ഡെ വാദം നടത്തി. വിശ്വാസികള്‍ കോടതി വിധിയില്‍ അസ്വസ്ഥരാണെന്ന് നാഫ്‌ഡെ. ആചാരം അനാവശ്യമോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അതാത് സമുദായങ്ങളാണ്. വിശ്വാസം ആചരിക്കേണ്ടെന്ന് പറയാന്‍ കോടതിക്ക് എങ്ങനെ കഴിയുമെന്നും അഡ്വ. നാഫ്‌ഡെ ചോദിച്ചു.

നേരത്തെ കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍, ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍എസ്എസ് അഭിഭാഷകനായ കെ പരാശരന്‍ എഴുന്നേല്‍ക്കുകയായിരുന്നു. ശബരിമല വിധിയില്‍ എന്ത് പിഴവാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് മൗലികാവകാശങ്ങള്‍ക്ക് എതിരാണെന്നാണ് എന്‍.എസ്.എസ് വാദം.

ഭരണഘടനയുടെ 15, 17, 25 അനുച്‌ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ കോടതിക്കു പിഴച്ചുവെന്ന് എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ അറിയിച്ചു. ഭരണഘടനയുടെ 15ാം അനുച്‌ഛേദം പ്രകാരം ക്ഷേത്രങ്ങളെ പൊതു ഇടം ആക്കി തുറന്നു കൊടുക്കുന്നത് ശരിയല്ലെന്ന് പരാശരന്‍ വാദിച്ചു.

ഇതു പ്രകാരം ക്ഷേത്രത്തിലെ ആചാരങ്ങള്‍ മാറ്റുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 15(2)ാം അനുച്‌ഛേദം ആരാധനാകേന്ദ്രങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന നിര്‍ണായക വസ്തുത സുപ്രീംകോടതി പരിഗണിച്ചില്ലെന്നും പരാശരന്‍ വാദിച്ചു. സുപ്രീംകോടതി പുറപ്പെടുവിച്ച ബിജോ ഇമ്മാനുവല്‍ കേസിലെ വിധി പരാശരന്‍ ചൂണ്ടിക്കാട്ടി.

ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്ന് ഈ കേസില്‍ കോടതി വ്യക്തമാക്കിയിരുന്നു. ലിംഗവിവേചനം പാടില്ലെന്നു ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ അതു കൃത്യമായി നിര്‍വചിച്ചിട്ടില്ല. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ലെന്നും പരാശരന്‍ അറിയിച്ചു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണിതെന്നും പ്രതിഷ്ഠയുടെ അവകാശം സംരക്ഷിക്കണമെന്നും അറിയിച്ചുകൊണ്ടാണ് പരാശരന്‍ വാദം അവസാനിപ്പിച്ചത്.

തുടര്‍ന്ന് തന്ത്രിക്കായി അഡ്വ. വി ഗിരി വാദം നടത്തി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അയ്യപ്പന്റെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ടാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുള്ളത്. അതാത് ക്ഷേത്രങ്ങളില്‍ തന്ത്രിക്ക് അവരുടേതായ അവകാശങ്ങളുണ്ട്. അതുകൊണ്ടു തന്നെ തന്ത്രിയാണ് പ്രതിഷ്ഠകളുടെ അധികാരിയെന്നും വി ഗിരി വാദിച്ചു.

പിന്നീട് ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി വാദം ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന് വേണ്ടിയാണ് ഹാജരാകുന്നതെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടിയല്ലെന്നും സിങ്‌വി വ്യക്തമാക്കി. തന്തിക്ക് വേണ്ടി വി ഗിരി നടത്തിയ വാദങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് സിംഗ്‌വിയുടെയും വാദം. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതിനാലാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുള്ളതെന്നും സിംഗ്‌വി പറഞ്ഞു. പ്രതിഷ്ഠയുടെ സ്വഭാവമാണ് ആചാരത്തിന്റെ അനുഷ്ഠാനത്തിന് ആധാരമെന്നും സിംഗ്‌വി വ്യക്തമാക്കി.

ഹിന്ദു മതത്തില്‍ ദൈവമെന്നത് വ്യത്യസ്ത രൂപത്തിലും സങ്കല്‍പത്തിലുമാണ്. ആരാധനയും വ്യത്യസ്തമാണ്. നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താല്‍ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കോടതി അത് പരിഗണിച്ചില്ലെന്നും സിംഗ്‌വി പറഞ്ഞു. യുക്തി കൊണ്ട് അളക്കാന്‍ ശബരിമല ശാസ്ത്ര മ്യൂസിയമല്ല. ശബരിമല ക്ഷേത്രമാണ്. ഭരണഘടനയുടെ ധാര്‍മികതയെക്കുറിച്ച് സമീപകാല വിധികളുണ്ട്. ഭരണഘടനയുടെ 17ാം അനുച്ഛേദം ജാതിമത വിവേചനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ആണിനും പെണ്ണിനും അത്തരമൊരു വിവേചനമില്ല. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. പ്രത്യേക പ്രായക്കാര്‍ക്ക് മാത്രമാണ് വിലക്ക്. അതു പ്രതിഷ്ഠയുടെ സ്വഭാവം കാരണമെന്നും സിങ്‌വി പറഞ്ഞു.