ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിച്ചതച്ച് കിവീസ്; ഇന്ത്യയ്ക്ക് ജയിക്കാന്‍ 220 റണ്‍സ്

single-img
6 February 2019

ന്യൂസിലാന്റിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു കിവീസ് ഓപ്പണര്‍മാരുടെ പ്രകടനം. ന്യൂസീലന്‍ഡ്, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.

സിക്‌സുകളും ബൗണ്ടറികളും കൊണ്ട് വെല്ലിങ്ടന്‍ വെസ്റ്റ്പാക് സ്റ്റേഡിയം നിറച്ച ടിം സീഫര്‍ട്ടാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 43 പന്തില്‍ ഏഴു ബൗണ്ടറിയും ആറു പടുകൂറ്റന്‍ സിക്‌സും സഹിതം 84 റണ്‍സെടുത്താണ് സീഫര്‍ട്ട് പുറത്തായത്.

കോളിന്‍ മണ്‍റോ (20 പന്തില്‍ 34), കെയ്ന്‍ വില്യംസന്‍ (22 പന്തില്‍ 34), റോസ് ടെയ്‌ലര്‍ (14 പന്തില്‍ 23) സ്‌കോട്ട് കുഗ്ഗെലെയ്ന്‍ (ഏഴു പന്തില്‍ പുറത്താകാതെ 20) എന്നിവര്‍ ന്യൂസീലന്‍ഡ് നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. നിരാശപ്പെടുത്തിയത് അരങ്ങേറ്റ മല്‍സരം കളിച്ച ഡാരില്‍ മിച്ചല്‍ (ആറു പന്തില്‍ എട്ട്), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (മൂന്ന്) എന്നിവര്‍ മാത്രം. മിച്ചല്‍ സാന്റ്‌നര്‍ അവസാന പന്തിലെ ബൗണ്ടറി ഉള്‍പ്പെടെ ഏഴു റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യന്‍ നിരയില്‍ രണ്ടു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഏറ്റവും കൂടുതല്‍ ‘തല്ലു വാങ്ങി’യത്. നാല് ഓവറില്‍ വിട്ടുകൊടുത്തത് 51 റണ്‍സ്. തമ്മില്‍ മികച്ചുനിന്നത് സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹല്‍ (നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്), ക്രുനാല്‍ പാണ്ഡ്യ (നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്) എന്നിവര്‍ മാത്രം. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയും ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.