യുവതീപ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡും; ചോദ്യം ചെയ്ത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

single-img
6 February 2019

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള നിര്‍ണായക വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികള്‍ തുടങ്ങി. റിവ്യൂ ഹര്‍ജികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം സംസാരിക്കണമെന്നാണ് വാദം തുടങ്ങിയ ഉടന്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയത്.

രാവിലെ പത്തരയ്ക്ക് തുടങ്ങിയ വാദത്തില്‍ വിധിയില്‍ പിഴവുണ്ടെന്നാണ് ആദ്യം വാദിച്ച എന്‍എസ്എസ് പറഞ്ഞത്. പത്ത് അഭിഭാഷകര്‍ റിവ്യൂ ഹര്‍ജികള്‍ക്ക് വേണ്ടി വാദിച്ചു. പിന്നീട് വാദിച്ച സംസ്ഥാനസര്‍ക്കാര്‍ റിവ്യൂ പരിഗണിക്കരുതെന്നാണ് നിലപാടെടുത്തത്. ഇതിന് ശക്തമായ പിന്തുണയുമായി ദേവസ്വംബോര്‍ഡും കോടതിയില്‍ നിലപാടെടുത്തു.

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കാനാവില്ലെന്ന് ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞു. വ്യക്തിക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല. ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ല, എല്ലാ വ്യക്തികളും തുല്യരാണെന്നതാണു മതത്തിന്റെ അടിസ്ഥാനം. യുവതികള്‍ക്കു പ്രവേശനം വിലക്കുന്നത് തുല്യനീതിക്കുള്ള ലംഘനമാണെന്നും രാകേഷ് ദ്വിവേദി വാദിച്ചു.

അതിനിടെ, രാകേഷ് ദ്വിവേദിയുടെ നിലപാടുമാറ്റത്തെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തു. യുവതീപ്രവേശത്തെ നിങ്ങള്‍ എതിര്‍ത്തിരുന്നുവല്ലോയെന്ന് അവര്‍ ചോദിച്ചു. അതേസമയം, ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുല്യതയാണു വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മ അല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അതു പുനഃപരിശോധനയ്ക്ക് തക്ക കാരണമല്ല. വാദം കേട്ടില്ലെന്നതും കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും അദ്ദേഹം വാദിച്ചു.

എന്‍.എസ്.എസിന്റെ വാദമാണ് ആദ്യം കേട്ടത്. എന്‍.എസ്.എസിനു വേണ്ടി അഡ്വ. കെ പരാശരന്‍ ഹാജരായി.

വിധി മൌലികാവകാശങ്ങള്‍ക്ക് എതിരാണെന്നാണ് എന്‍.എസ്.എസ് വാദം. ഭരണഘടനയുടെ 15,17,25 അനുച്ഛേദങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഭരണഘടനയുടെ 15ാം അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും എന്‍.എസ്!.എസ്. ഭരണഘടന ആമുഖം വിശദീകരിച്ചുകൊണ്ടായിരുന്നു എന്‍.എസ്.എസ് ഇക്കാര്യം വിശദീകരിച്ചത്. ആചാരങ്ങളില്‍ യുക്തി പരിശോധിക്കരുതെന്ന് മുമ്പുള്ള വിധിയില്‍ പറഞ്ഞിട്ടുണ്ട്. ആചാരങ്ങള്‍ അസംബന്ധം ആയാല്‍ മാത്രമേ ഇടപെടാവൂ എന്നാണ് യഹോവ കേസിലെ കോടതി പരാമര്‍ശം.

തൊട്ടുകൂടായ്മ എന്താണെന്ന് നിര്‍വചിക്കേണ്ടതുണ്ട്. തൊട്ടുകൂടായ്മക്ക് യുവതീപ്രവേശനവുമായി ബന്ധമില്ല. മനുഷ്യത്വമില്ലാത്ത അനുഭവത്തെയാണ് അയിത്തമായി കാണേണ്ടതെന്നും എന്‍.എസ്.എസ് വാദം. അതേസമയം തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല കോടതി വിധിയെന്ന് അഡ്വ. നരിമാന്‍ ചൂണ്ടിക്കാട്ടി. 1955ലെ പൌരാവകാശ നിയമം മൂന്നാം വകുപ്പ് കൂടി വിധിക്ക് ആധാരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് തന്ത്രിക്കായി അഡ്വ. വി ഗിരി വാദിച്ചു.

അയ്യപ്പന്‍ നൈഷ്!ഠിക ബ്രഹ്മചാരിയാണ്. അയ്യപ്പന്റെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ടാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുള്ളത്. അതാത് ക്ഷേത്രങ്ങളില്‍ തന്ത്രിക്ക് അവരുടേതായ അവകാശങ്ങളുണ്ട്. അതുകൊണ്ടു തന്നെ തന്ത്രിയാണ് പ്രതിഷ്ഠകളുടെ അധികാരിയെന്നും വി ഗിരി.

ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി വാദം ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന് വേണ്ടിയാണ് ഹാജരാകുന്നതെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടിയല്ലെന്നും സിങ്‌വി വ്യക്തമാക്കി. തന്ത്രിക്ക് വേണ്ടി വി ഗിരി നടത്തിയ വാദങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് സിംങ്!വിയുടെയും വാദം.

അയ്യപ്പന്‍ നൈഷ്!ഠിക ബ്രഹ്മചാരിയാണെന്നും അതിനാലാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുള്ളതെന്നും സിങ്!വി പറഞ്ഞു. പ്രതിഷ്ഠയുടെ സ്വഭാവമാണ് ആചാരത്തിന്റെ അനുഷ്ഠാനത്തിന് ആധാരമെന്നും സിങ്‌വി വ്യക്തമാക്കി.

ഹിന്ദു മതത്തില്‍ ദൈവമെന്നത് വ്യത്യസ്ത രൂപത്തിലും സങ്കല്‍പത്തിലുമാണ്. ആരാധനയും വ്യത്യസ്തമാണ്. നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താല്‍ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കോടതി അത് പരിഗണിച്ചില്ലെന്നും സിങ്!വി പറഞ്ഞു. യുക്തി കൊണ്ട് അളക്കാന്‍ ശബരിമല ശാസ്ത്ര മ്യൂസിയമല്ല. ശബരിമല ക്ഷേത്രമാണ്. ഭരണഘടനയുടെ ധാര്‍മികതയെക്കുറിച്ച് സമീപകാല വിധികളുണ്ട്. ഭരണഘടനയുടെ 17ാം അനുച്ഛേദം ജാതിമത വിവേചനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ആണിനും പെണ്ണിനും അത്തരമൊരു വിവേചനമില്ല. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. പ്രത്യേക പ്രായക്കാര്‍ക്ക് മാത്രമാണ് വിലക്ക്. അതു പ്രതിഷ്ഠയുടെ സ്വഭാവം കാരണമെന്നും സിങ്‌വി വ്യക്തമാക്കി.
ബ്രാഹ്മണ സഭ, ആചാര സംരക്ഷണ ഫോറം എന്നിവര്‍ക്കു വേണ്ടി ശേഖര്‍ നഫാഡെ വാദം നടത്തി.

വിശ്വാസികള്‍ കോടതി വിധിയില്‍ അസ്വസ്ഥരാണെന്ന് നഫാഡെ. ആചാരം അനാവശ്യമോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അതാത് സമുദായങ്ങളാണ്. വിശ്വാസം ആചരിക്കേണ്ടെന്ന് പറയാന്‍ കോടതിക്ക് എങ്ങനെ കഴിയുമെന്നും അഡ്വ. നഫാഡെ ചോദിച്ചു.

ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകന്‍ വെങ്കട് രമണി ഹാജരായി. ആചാരം എന്താണെന്ന് കോടതി തീരുമാനിക്കരുതെന്ന് അഡ്വ. വെങ്കട് രമണി പറഞ്ഞു.

ഹര്‍ജി ഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ വി. രാമന്‍ വാദം ആരംഭിച്ചു. കോടതി ഇടപെടല്‍ മതാചാരത്തെ ബാധിക്കും. യുവതി പ്രവേശന വിലക്ക് അനിവാര്യമായ മത ആചാരമാണ്. ആചാരങ്ങളി!ല്‍ ദേവപ്രശ്‌നം പ്രധാനമാണെന്നും കേരള ഹൈക്കോടതി ഇത് മുഖവിലക്കെടുക്കാറുണ്ടെന്നും അഡ്വ. വി. രാമന്‍ വാദിച്ചു.

ഒരേ വാദങ്ങള്‍ തന്നെ ഹരജിക്കാര്‍ ആവര്‍ത്തിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മപ്പെടുത്തി. ഒന്നോ രണ്ടോ വാദങ്ങളില്‍ കൂടുതല്‍ കേള്‍ക്കാന്‍ ഇനി സമയമില്ലെന്നും കോടതി വ്യക്തമാക്കി.

ബി.ജെ.പി നേതാവ് രാധാകൃഷ്ണനു വേണ്ടി അഡ്വ. മോഹന്‍ പരാശരനും ഉഷ നന്ദിനിക്കു വേണ്ടി ഗോപാല്‍ ശങ്കര നാരായണനും വാദം പൂര്‍ത്തിയാക്കി.

വാദത്തിനിടെ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം നടന്നു. ഇത്തരത്തില്‍ തര്‍ക്കം നടന്നാല്‍ വാദം നിര്‍ത്തുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

പന്തളം കൊട്ടാരത്തിന് വേണ്ടി അഡ്വ. സായി ദീപക്, അയ്യപ്പസേവാ സമാജത്തിനു വേണ്ടി കൈലാസ് നാഥ് പിള്ള എന്നിവര്‍ വാദിച്ചു. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. മാത്യൂസ് നേടുമ്പാറ ഹാജരായി.

അടുത്ത ഒന്നര മണിക്കൂര്‍ എതിര്‍ഭാഗത്തിന്റെ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ബാക്കിയുള്ള ഹര്‍ജിക്കാരോട് വാദം എഴുതിത്തരാന്‍ കോടതി ആവശ്യപ്പെട്ടു.

ശബരിമല വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അര്‍ഹമായ ഒരു കാര്യവും എതിര്‍ കക്ഷികള്‍ ഉന്നയിച്ചിട്ടില്ല. തുല്യതയാണ് ഈ വിധിയുടെ ആധാരം, മറിച്ച് തൊട്ടുകൂടായ്മയല്ല. തന്ത്രിയുടെ വാദങ്ങളിലുള്ളത് വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അനിവാര്യമായതും അല്ലാത്തതും ആയ ആചാരങ്ങള്‍ ഏതെല്ലാമാണ് എന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സര്‍ക്കാര്‍.
ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവമുണ്ട്. അവയെ പ്രത്യേക വിഭാഗമായി കാണേണ്ടതില്ല. ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാം. ആചാരം മൌലികാവകാശങ്ങള്‍ക്ക് വിധേയമാണ്. സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ വാദം പൂര്‍ത്തിയായതോടെ കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.