കോടതി സമക്ഷം ബാലന്‍ വക്കീലിലും ‘അനുരാധ’യായി മംമ്ത

single-img
6 February 2019

പ്രഖ്യാപനം മുതല്‍ വലിയ സ്വീകാര്യത ലഭിച്ച സിനിമയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ദിലീപും മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. പാസഞ്ചര്‍, മൈ ബോസ്, 2 കണ്‍ട്രീസ് തുടങ്ങി കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ അനുരാധ സുദര്‍ശന്‍ എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട നടി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഈ വേഷത്തിനെ കുറിച്ച് കൂടുതല്‍ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും ഈ പേരിനൊരു പ്രത്യേകതയുണ്ട്. ഇത് മൂന്നാംവട്ടമാണ് അനുരാധ എന്നുപേരുള്ള കഥാപാത്രമായി നടി മംമ്ത മോഹന്‍ദാസ് വേഷമിടുന്നത്. ഈ സാമ്യത്തെക്കുറിച്ച് മംമ്ത പറയുന്നതിങ്ങനെ: അനുരാധ എനിക്ക് ഭാഗ്യ കഥാപാത്രമാണെന്ന് പറയാം.

പേര് മാത്രമല്ല വിജയ ചരിത്രവും ആവര്‍ത്തിക്കപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. കോമഡി ചേരുവകളൊക്കെയുള്ള ഒരു മാസ് ചിത്രം തന്നെയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. എല്ലാത്തലത്തിലുമുള്ള പ്രേക്ഷകരെ രസിപ്പിക്കാന്‍ കഴിവുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. ചിത്രം ഫെബ്രുവരി 21ന് സിനിമ തീയേറ്ററുകളിലെത്തും.