സി ബി ഐ നൽകിയ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും: തീരുമാനം മമതയ്ക്കും കേന്ദ്രത്തിനും നിർണായകം

single-img
5 February 2019

പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നൽകിയ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതിയുടെ ഇടപെടൽ വേണമെന്നാണ് സി ബി ഐയുടെ ആവശ്യം.

കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ്കുമാർ സിബിഐയുമായി സഹകരിക്കണമെന്നോ കീഴടങ്ങണമെന്നോ സുപ്രീം കോടതി ഇന്നു നിർദേശിച്ചാൽ മമത വെട്ടിലാകും. അതെ സമയം ആവശ്യമായ രേഖകൾ ഇല്ലാതെ പൊലീസ് കമ്മിഷണർ രാജീവ്കുമാറിന്റെ വീട്ടിൽ കടയറിയ സി ബി ഐ നടപടിയെ കോടതി വിമർശിച്ചാൽ അത് കേന്ദ്ര സർക്കാരിനും തലവേദനയാകും.

ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സി ബി ഐ ആരോപിക്കുന്നത്. രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവ് ഹാജരാക്കാൻ ഇന്നലെ സി ബി ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തെളിവ് ഹാജരാക്കിയാൽ ശക്തമായ നടപടി പൊലീസ് കമ്മീഷണര്‍ക്കെതിരെ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. പക്ഷെ അതിനു പരാജയപ്പെട്ടാൽ സി ബി ഐക്കെതിരെ സുപ്രീം കോടതി തിരിയാനും സാധ്യത ഉണ്ട്.

കോടതി വിധി അനുകൂലമായാലും കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളുടെ മാത്രം പേരിൽ ബംഗാളിൽ രാഷ്ട്രപതി ഭരണത്തിനു നടപടി വേണ്ടെന്നാണു കേന്ദ്രസർക്കാരിന്റെ നിലപാട്. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതു മമതയ്ക്കു വീരപരിവേഷം നൽകുമെന്നു ബിജെപി വിലയിരുത്തുന്നു.

അതേസമയം കോടതി വിധി അനുകൂലമായാൽ അത് ഐക്യ പ്രതിപക്ഷത്തിന്റെ നേതാവ് സ്ഥാനത്തേക്ക് മമതയെ എത്തിക്കും. കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് മമതയെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ ഇതുണ്ടാക്കും.