ഇടപെടാന്‍ പറ്റിയ ആളാണ് മമ്മൂട്ടി സര്‍; ലിപ്‌സിങ്കിംഗ് പ്രശ്‌നമായിരുന്നില്ല; സണ്ണി ലിയോണ്‍

single-img
5 February 2019

വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന മധുരരാജയിലെ സെറ്റില്‍നിന്ന് മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം നേരത്തെ വൈറലായിരുന്നു. ചിത്രത്തില്‍ ഒരു ഡാന്‍സ് നമ്പറില്‍ മാത്രമാണ് സണ്ണി അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് സണ്ണി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി മനസ്സുതുറന്നത്.

മമ്മൂട്ടി സാറിനെ പരിചയപ്പെടണമെന്നും ഒപ്പം വര്‍ക്ക് ചെയ്യണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇടപെടാന്‍ പറ്റിയ ആളാണ് മമ്മൂട്ടി സാര്‍. മധുരരാജയിലെ ആ ഗാനം വലിയ ഹിറ്റാവുമെന്നാണ് ഞാന്‍ കരുതുന്നത്. കേള്‍ക്കുന്നവരുടെ ശ്രദ്ധ പെട്ടെന്ന് പിടിക്കുന്ന ഒരു പാട്ടാണത്.

മധുരരാജയിലെ ഗാനരംഗത്തില്‍ ലിപ്‌സിങ്ക് ചെയ്തതില്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ലെന്നും സണ്ണി പറയുന്നു. പാട്ടിന്റെ വരികള്‍ എനിക്ക് നേരത്തേ കിട്ടിയിരുന്നു. ഷൂട്ടിംഗ് ആരംഭിക്കും മുന്‍പേ ഞാനത് ഹൃദ്യസ്ഥമാക്കിയിരുന്നു. കൊറിയോഗ്രാഫര്‍ രാജു സുന്ദരം ഒരുക്കിയ സ്റ്റെപ്പുകള്‍ അത്ര അനായാസം വഴങ്ങുന്നതായിരുന്നില്ല.

‘ആ നൃത്തച്ചുവടുകള്‍ രസമുള്ളതായിരുന്നു. ഒപ്പം വെല്ലുവിളി നിറഞ്ഞതും. സ്റ്റെപ്പുകളെ സംബന്ധിച്ച് കുറേ കാര്യങ്ങള്‍ ചിത്രീകരണസമയത്ത് പഠിക്കേണ്ടിവന്നു’- സണ്ണി പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം. വിഷുവിന് ചിത്രം തീയേറ്ററുകളിലെത്തും.