നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെ ഒ രാജഗോപാലിന്റ പ്രസംഗം കേട്ട് അംഗങ്ങള്‍ അന്തംവിട്ടു; ‘ബി.ജെ.പി കേരളത്തില്‍ ഭരണത്തിലെത്തില്ല’: ട്രോളന്മാരെ പേടിച്ച് ബിജെപി അണികള്‍

single-img
5 February 2019

തിരുവനന്തപുരം: പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി വീണ്ടും ഒ രാജഗോപാല്‍ എം.എല്‍.എ. ബിജെപി അടുത്തൊന്നും കേരളത്തില്‍ ഭരണം പിടിക്കുകയില്ലെന്നാണ് ഒ രാജഗോപാല്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞത്. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു ബിജെപി എംഎല്‍എ നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. കേരളത്തിലെ വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപിയെ കുറ്റപ്പെടുത്തേണ്ട. ബിജെപി കേരളം ഭരിച്ചിട്ടില്ല. അടുത്തെങ്ങും അധികാരത്തില്‍ വരാനും സാധ്യത ഇല്ലെന്നും ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. അവിശ്വാസികളായ സ്ത്രീകളെ പോലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും രാജഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി.

അതേസമയം, കരിമണല്‍ ഖനനം മൂലം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ആലപ്പാടിനെ രക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുന്നതിനിടെ ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു.

ആലപ്പാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. ഭരണപക്ഷം പറയുന്നത് പ്രതിപക്ഷവും പ്രതിപക്ഷം പറയുന്നത് ഭരണ പക്ഷവും എതിര്‍ത്തത് കൊണ്ട് ആലപ്പാട് വിഷയത്തില്‍ പരിഹാരം ഉണ്ടാകില്ല. സ്പീക്കറുടെ നേതൃത്വത്തില്‍ ഒരു സമിതി ആലപ്പാട് സന്ദര്‍ശിച്ച് ജനങ്ങളുടെ പ്രശ്‌നം പഠിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് തിരിച്ചു കൊടുക്കണമെന്ന് ഒ രാജഗോപാല്‍ പറഞ്ഞിരുന്നു. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. മികരവിളക്ക് ചിലര്‍ കൊളുത്തുന്നുവെന്നത് സത്യമെന്നും പരമ്പരാഗതമായി ആദിവാസികള്‍ ചെയ്തുവന്ന ഈ ചടങ്ങ് പിന്നീട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തുന്ന ഒ രാജഗോപാല്‍ എം.എല്‍.എക്കെതിരെ ബിജെപിയില്‍ മുറുമുറുപ്പ് ശ്ക്തമാകുകയാണ്. രാജഗോപാലിന്റെ പ്രസ്താവനകള്‍ ട്രോളന്മാര്‍ ആഘോഷിക്കുന്നതും ബിജെപി അണികള്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കുന്നുണ്ട്.