കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്നാലെ നടന്നത് ആരാണ്; 2014നു മുമ്പ് അമിത് ഷാ എവിടെയായിരുന്നെന്നും ചരിത്രം എന്തായിരുന്നെന്നും ഓര്‍ക്കണം; തിരിച്ചടിച്ച് ചന്ദ്രബാബു നായിഡു

single-img
5 February 2019

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അവസരവാദിയാണെന്നും ലോക്‌സഭാ തെരഞ്ഞടുപ്പ് കഴിഞ്ഞാല്‍ ടിഡിപിയുമായി ഒരു സഖ്യവുമുണ്ടാകില്ലെന്നുമുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു രംഗത്തെത്തി.

എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നുതരണമെന്ന് ആരും ആവശ്യപ്പെടില്ലെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരാണ് സമീപിച്ചതെന്ന് ബിജെപി ഓര്‍ക്കണമെന്നും നായിഡു പറഞ്ഞു. അമിത് ഷായുടെ അഹങ്കാരം നല്ലതിനല്ലെന്നു പറഞ്ഞ നായിഡു, 2014നു മുമ്പ് അമിത് ഷാ എവിടെയായിരുന്നെന്നും ചരിത്രം എന്തായിരുന്നെന്നും ചോദിച്ചു.

കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും നായിഡു മുന്നറിയിപ്പ് നല്‍കി. ശ്രീകാകുളം ജില്ലയില്‍ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് നായിഡു ബിജെപി അധ്യക്ഷനെതിരേ തിരിച്ചടിച്ചത്.