‘ഈ ചെറുപ്പത്തിന്റെ രഹസ്യം എന്താണ്?’; സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയുടെ മറുപടി

single-img
5 February 2019

67 ലെത്തി നില്‍ക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫിറ്റ്‌നസിന്റെയും ഭക്ഷണക്രമത്തിന്റെയും കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവില്ലെന്ന് പൊതുവെ പറഞ്ഞുകേള്‍ക്കാറുള്ളതാണ്. വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം യുവതാരങ്ങളോട് വാചാലനാവാറുണ്ട്.

അദ്ദേഹത്തിന്റെ നിര്‍ദേശം കൃത്യമായി പാലിക്കുന്ന യുവതാരങ്ങളുമുണ്ട്. 67 വയസ്സായിട്ടും ഗ്ലാമര്‍ പൊടിക്കും കുറഞ്ഞിട്ടില്ല മമ്മൂട്ടിക്ക്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം അദ്ദേഹത്തിന്റെ ഗ്ലാമറിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യമുയരാറുണ്ട്. ചിരിച്ച് തള്ളുമെന്നല്ലാതെ കൃത്യമായ മറുപടിയൊന്നും അദ്ദേഹം നല്‍കാറില്ല.

ഏറ്റവുമൊടുവില്‍ താന്‍ നായകനാവുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ കൊച്ചിയില്‍ നടന്ന ട്രെയ്‌ലര്‍ ലോഞ്ചിലാണ് മമ്മൂട്ടിക്ക് നേര്‍ക്ക് ഈ ചോദ്യം വീണ്ടുമുയര്‍ന്നത്. ഏറെ ഉല്ലാസവാനായിരുന്ന മമ്മൂട്ടി അതിന് നല്‍കിയ മറുപടി വേദിയിലും സദസിലുമുണ്ടായിരുന്നവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചു.

‘യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയിപ്പോവാറുണ്ട്. നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് ഞാന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാല്‍ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ രഹസ്യം ഇപ്പോള്‍ പറയുന്നുമില്ല’. മമ്മൂട്ടി പറഞ്ഞു.