ചുമ്മാ ബംഗാളില്‍ ചുറ്റിത്തിരിയാതെ യുപിയുടെ കാര്യം പോയി നോക്കൂ; യോഗിയോട് മമത

single-img
5 February 2019

ഉത്തര്‍പ്രദേശില്‍ നില്‍ക്കാനാവാത്ത സ്ഥിതിയുള്ളത് കൊണ്ടാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബംഗാളില്‍ വന്നിരിക്കുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യം സ്വന്തം സംസ്ഥാനത്താണ് യോഗി ക്രമസമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതെന്നും മമത പരിഹസിച്ചു.

പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുന്ന യുപിയുടെ കാര്യം ആദിത്യനാഥ് ആദ്യം നോക്കട്ടെയെന്ന് മമത പറഞ്ഞു. ആദ്യം അദ്ദേഹത്തോട് ഉത്തര്‍പ്രദേശിന്റെ കാര്യം നോക്കാന്‍ പറയൂ. ഉത്തര്‍പ്രദേശില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നു.

ഉത്തര്‍പ്രദേശില്‍ നിരവധി കര്‍ഷകര്‍ ജീവനൊടുക്കുന്നു. അവിടെ നിരവധി പേരെ തല്ലിക്കൊല്ലുന്നു. ആദ്യം അദ്ദേഹം ഉത്തര്‍പ്രദേശിന്റെ കാര്യം നോക്കട്ടെ. പിന്നെ റാലി നടത്തൂ മമത പറഞ്ഞു. യുപിയില്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് യോഗി ബംഗാളില്‍ ചുറ്റിത്തിരിയുന്നതെന്നും ഇന്ന് എവിടെ മത്സരിച്ചാലും യോഗി പരാജയപ്പെടുമെന്നും സിബിഐ വിഷയത്തില്‍ സുപ്രീം കോടതി വിധി പുറത്തുവന്നശേഷം മാധ്യമങ്ങളെ കണ്ട മമത പറഞ്ഞു.

ഹെലികോപ്ടറില്‍ വന്നിറങ്ങാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് റോഡ് മാര്‍ഗമാണ് യോഗി ബംഗാളില്‍ എത്തിച്ചേരുക. യോഗി വരുന്ന പുരുലിയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞിട്ടുണ്ട്. അതേസമയം തനിക്ക് പശ്ചിമബംഗാളില്‍ റാലി നടത്താന്‍ അനുമതി നിഷേധിക്കപ്പെട്ടതായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ആരോപിച്ചു.