മലപ്പുറത്ത് കല്യാണ വീട്ടില്‍ 30 പവനോളം സ്വര്‍ണം വെള്ളി നിറത്തിലായി

single-img
5 February 2019

മലപ്പുറത്തെ ഒരു കല്യാണ വീട്ടില്‍ മുപ്പത് പവനോളം സ്വര്‍ണത്തിന്റെ നിറം മാറി വെള്ളി നിറത്തിലായി. പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടിലാണ് സ്വര്‍ണത്തിന്റെ നിറം മാറിയത്. ഹനീഫയുടെ മകളുടെ വിവാഹം നടന്ന് ഏതാനും ദിവസത്തിന് ശേഷമാണ് സംഭവം.

ഇവരുടെ വീട്ടിലുണ്ടായിരുന്ന പഴയ സ്വര്‍ണവും, വിവാഹത്തിനായി എത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ സ്വര്‍ണവും മഞ്ഞനിറം മാറി വെള്ളി നിറത്തിലാവുകയായിരുന്നു. കല്യാണ വീട്ടിലെത്തിയവരുടെ ആഭരണങ്ങളില്‍ അമോണിയത്തിന്റെ അംശം തട്ടിയതാകാം നിറം മാറ്റത്തിന് പിന്നിലെന്നാണ് നിഗമനം.

എന്നാല്‍ കല്യാണവീട്ടിലെ എല്ലാവരുടേയും ആഭരണങ്ങളില്‍ നിറം മാറ്റം ഉണ്ടാകും വിധം അമോണിയ എങ്ങനെ പറ്റി എന്നതുസംബന്ധിച്ച് വ്യക്തതയില്ല. അന്തരീക്ഷത്തില്‍ അമോണിയത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചാലും നിറം മാറ്റമുണ്ടാകാമെന്നു പറയപ്പെടുന്നു.

കുഞ്ഞുങ്ങള്‍ അടക്കം ചടങ്ങിനെത്തിയ ഏഴ് പേരുടെ ആഭരണങ്ങളാണ് വെള്ളി നിറത്തിലേക്ക് മാറിയത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഹനീഫയുടെ മകളുടെ വിവാഹം നടന്നത്. ശനിയാഴ്ച്ച മുതല്‍ തന്നെ നിറംമാറ്റ പ്രതിഭാസം കണ്ടിരുന്നെങ്കിലും കല്യാണ തിരക്കിനിടയില്‍ അത് ശ്രദ്ധിച്ചിരുന്നില്ല.

എന്നാല്‍ ഇന്നലെ കൂടുതല്‍ സ്വര്‍ണ്ണം വെള്ളി നിറം ആയതോടെ വീട്ടുകാര്‍ അങ്കലാപ്പിലായി. കടല്‍ തീരത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന വീടായതിനാല്‍ പ്രദേശത്തെ ഏതെങ്കിലും രാസപ്രവര്‍ത്തനമാകാം സ്വര്‍ണ്ണം നിറം മാറുന്നതിന് ഇടയാക്കിയതെന്നാണ് അഭിപ്രായം ഉയരുന്നത്. ചില മേഖലകളില്‍ അമോണിയത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചാലും ഇത്തരത്തിലുള്ള പ്രതിഭാസം സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്.