കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സുരക്ഷയും അധിക സംവിധാനങ്ങളുമായി ക്വിഡിന്റെ പുത്തന്‍ പതിപ്പ് പുറത്തെത്തി

single-img
5 February 2019

റെനോയുടെ ചെറു ഹാച്ച്ബാക്കായ ക്വിഡിന്റെ പുത്തന്‍ പതിപ്പ് പുറത്തെത്തി. മെച്ചപ്പെട്ട സുരക്ഷയും അധിക സംവിധാനങ്ങളുമായി വില വര്‍ദ്ധിപ്പിക്കാതെയാണ് 2019 എഡീഷന്‍ ക്വിഡിന്റെ റെനോ പുറത്തിറക്കിയത്. ഇതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന കാറുകള്‍ക്കൊപ്പമാണു ‘ക്വിഡും’ ഇടംപിടിക്കുന്നത്. 2.66 ലക്ഷം രൂപ മുതലാണു കാറിന്റെ ഷോറൂം വില.

ഒക്ടോബറില്‍ നിലവില്‍ വരുന്ന ഭാരത് ന്യൂ വെഹിക്ക്ള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം(ബി എന്‍ വി എസ് എ പി) മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായാണു ‘ക്വിഡി’ലെ സുരക്ഷ റെനോ മെച്ചപ്പെടുത്തിയത്. എങ്കിലും ‘ക്വിഡി’ന്റെ ബോഡി റെനോ ദൃഢമാക്കിയിട്ടുണ്ടോയെന്നു വ്യക്തമല്ല. ഒരു വര്‍ഷം മുമ്പ് നടത്തിയ ഗ്ലോബല്‍ എന്‍ സി എ പി പരീക്ഷണയില്‍ ‘ക്വിഡി’ന്റെ പ്രകടനം മെച്ചമായിരുന്നില്ല.

‘ക്വിഡി’ന്റെ എല്ലാ വകഭേദങ്ങളിലും ആന്റി ലോക്ക് ബ്രേക്ക് സംവിധാനം ലഭ്യമാക്കി. ഒപ്പം മെച്ചപ്പെട്ടു സുരക്ഷയ്ക്കായി ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് തിരിച്ചറിയുന്ന ഡോര്‍ ലോക്ക്, പിന്‍ സീറ്റിലും സീറ്റ് ബെല്‍റ്റ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഓവര്‍സ്പീഡ് അലെര്‍ട്ട് തുടങ്ങിയവയുമെത്തി.

മുന്തിയ വകഭേദങ്ങളിലാവട്ടെ ടച്‌സ്‌ക്രീനില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്ള്‍ കാര്‍ പ്ലേ സ്മാര്‍ട് ഫോണ്‍ കണക്ടിവിറ്റിയും ലഭ്യമാക്കിയിട്ടുണ്ട്. ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) മോഡലുകളില്‍ ഇഴഞ്ഞു നീങ്ങുന്ന ഗതാഗതത്തിനായി ‘ട്രാഫിക് അസിസ്റ്റ്’ മോഡും എത്തി.

ഇതൊഴികെ ‘2018 ക്വിഡി’ല്‍ സാങ്കേതികമായ മാറ്റമൊന്നും റെനോ വരുത്തിയിട്ടില്ല. ആദ്യമായി കാര്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടെത്തുന്ന ‘ക്വിഡി’നോടു മത്സരിക്കുന്നത് മാരുതി സുസുക്കി ‘ഓള്‍ട്ടോ’യും ഹ്യുണ്ടേയ് ‘സാന്‍ട്രോ’യും ടാറ്റ ‘ടിയാഗൊ’യും അടുത്തിടെയെത്തിയ ‘വാഗന്‍ ആറു’മാണ്.