സ്ത്രീവിരുദ്ധ പ്രസംഗം: നടനും ബിജെപി നേതാവുമായ കൊല്ലം തുളസി പൊലീസിന് കീഴടങ്ങി

single-img
5 February 2019

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ വിവാദ പ്രസംഗത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസി പൊലീസിന് കീഴങ്ങി. ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ അറസ്റ്റ് ഒഴുവാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

ശബരിമലയില്‍ കയറിയാല്‍ യുവതികളെ രണ്ടായി വലിച്ചു കീറുമെന്നും, അതിൽ ഒരു ഭാഗം ഡൽഹിയിലേക്കും മറ്റൊരു ഭാഗം പിണറായിയുടെ വീട്ടിലേക്കു എറിയുമെന്നും ആയിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ കൊല്ലം ചവറയിലെ ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി സ്ത്രീകളെ അവഹേളിച്ച് സംസാരിച്ചത്.

കൊല്ലം തുളസിയുടെ വിവാദപ്രസംഗത്തില്‍ ഹൈക്കോടതി കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുളസിയുടേത് രാഷ്ട്രീയപ്രസംഗമായി കാണാന്‍ കഴിയില്ലെന്നും, ഇത്തരം പരാമര്‍ശങ്ങള്‍ അക്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഉതകുന്നതാണ് എന്നുമാണ് കോടതി പറഞ്ഞത്. സുപ്രിംകോടതി വിധിക്കെതിരെ ആളുകളെ സംഘടിപ്പിക്കലാണ് പ്രസംഗത്തിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് പ്രകോപനപ്രസംഗത്തിന്റെ പേരില്‍ പൊലീസ് തുളസിക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നല്‍കിയിരുന്നു.