കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ?

single-img
5 February 2019

വണ്ടർലാ അമ്യൂസ്മെൻറ് പാർക്ക് റൈഡിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ലത് ചെയ്യേണ്ടതെന്നും ഹൈക്കോടതി ചിറ്റിലപ്പള്ളിയെ ഓര്‍മ്മിപ്പിച്ചു. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചിറ്റിലപ്പള്ളിയോട് കോടതി ചോദിച്ചു.

2002ലാണ് വീഗാലാന്‍ഡില്‍ വെച്ച് വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് അന്നുമുതല്‍ കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നല്‍കാമെന്നുമാണ് ചിറ്റിലപ്പളളി കോടതിയെ അറിയിച്ചത്. ഇതേത്തുടർന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചത്.

കൂടാതെ നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ ചിറ്റിലപ്പള്ളി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.