ഏറെ കൊട്ടിഘോഷിച്ച മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയും പരാജയം; ഇന്റര്‍നെറ്റിൽ ഇന്ത്യയുടെ സ്ഥാനം പാക്കിസ്ഥാനും പിന്നിലെന്നു റിപ്പോർട്ട്

single-img
5 February 2019

മോദിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യ പദ്ധതിയും പാളുന്നു. രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി മോദി സർക്കാകർ പ്രഖ്യാപിച്ചത്. എന്നാൽ അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെയും ഒരുക്കാൻ കേന്ദ്ര സർക്കാരിന് ആയില്ല. ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 109-ാം സ്ഥാനത്താണ്. ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 10.06 എംബിപിഎസും അപ്‌ലോഡ് കേവലം 3.90 എംബിപിഎസുമാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലുള്ള പാക്കിസ്ഥാൻ പട്ടികയിൽ 102–ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 12.83 എംബിപിഎസും അപ്‌ലോഡ് 9.43 എംബിപിഎസുമാണ്.

ലോക രാജ്യങ്ങളിലെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 25.08 എംബിപിഎസും അപ്‌ലോഡ് 9.7 എംബിപിഎസുമാണ്. ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 20 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നൽകുന്നത്.

ഐസ്‌ലാൻഡിലാണു ഡൗൺലോഡിങ് വേഗം ഏറ്റവും കൂടുതൽ. 72.77 എംബിയാണ് ഐസ്‌ലാൻഡിലെ ഡൗൺലോഡിങ് സ്പീഡ്. നോർവേ (65.88 എംബി), കാനഡ (63.06 എംബി), സിംഗപ്പൂർ (60.95 എംബി) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്നു.ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വ്യാപ്തി ഉത്തര കൊറിയയിലാണ് (0.08%). വെറും 20,000 പേർക്കു മാത്രമാണ് ഉത്തര കൊറിയയിൽ ഇന്റർനെറ്റ് ലഭ്യതയുള്ളത്.