സംസ്ഥാനത്ത് സ്വര്‍ണ്ണവില 25,000 രൂപയാകുന്നു

single-img
5 February 2019

സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. 120 രൂപ കൂടി ഉയര്‍ന്നാല്‍ പവന്‍വില 25,000 രൂപ എന്ന നാഴികക്കല്ലിലെത്തും. ഫെബ്രുവരി ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 20 രൂപയും പവന്‍ 160 രൂപയുമാണ് കൂടിയത്.

ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന്‍ 24,720 രൂപയുമായിരുന്നു നിരക്ക്. വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, രൂപയുടെ മൂല്യത്തകര്‍ച്ചയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ കാരണങ്ങള്‍.

അതോടൊപ്പം രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണ്ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ തങ്കക്കട്ടിയുടെ ലഭ്യതയ്ക്കാണ് ഇതോടെ കുറവ് വന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തര്‍ക്കം നിലനില്‍ക്കുന്നതും ഓഹരി വിപണികളിലെ അനിശ്ചിതത്വവുമാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉണ്ടാകാറുണ്ട്. ഈ വര്‍ഷം ഇതിനോടകം 1,440 രൂപയുടെ വര്‍ധനയാണ് പവന്‍വിലയിലുണ്ടായത്. 2018 ഡിസംബര്‍ 31ന് 23,440 രൂപയായിരുന്നു പവന്‍വില.