100ാം ദിനാഘോഷ ചടങ്ങില്‍ 96ന്റെ യഥാര്‍ഥ ക്ലൈമാക്‌സ് കാണിച്ച് വിജയ് സേതുപതിയും തൃഷയും: വീഡിയോ

single-img
5 February 2019

വിജയ് സേതുപതിയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 96. അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിനേക്കാളും വലിയ സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയും ചെയ്തു. സേതുപതി അവതരിപ്പിച്ച റാമിനെയും തൃഷയുടെ ജാനുവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു.

എന്നാല്‍ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ ഒരാഗ്രഹം ബാക്കിയായിരുന്നു. റാമും ജാനുവും ഒന്നുകെട്ടിപ്പിടിച്ചിരുന്നെങ്കില്‍. നൂറാം ദിനാഘോഷ ചടങ്ങില്‍ അവതാരകനായി എത്തിയ നടന്‍ പാര്‍ഥിപനും ഈ ആഗ്രഹം മനസ്സില്‍ ബാക്കിയായിരുന്നു. റാമിനെയും പ്രേക്ഷകരെയും പറ്റിച്ച് പറന്നുപോയ ജാനുവിനെ വെറുതെ വിടാന്‍ പറ്റില്ലെന്നും നമുക്കെല്ലാവര്‍ക്കും വേണ്ടി വിജയ് സേതുപതി, തൃഷയെ ആലിംഗനം ചെയ്യണമെന്നും പാര്‍ഥിപന്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും കെട്ടിപ്പിടിച്ചു.

ചുരുക്കം ചില സിനിമകള്‍ക്ക് മാത്രമാണ് ഇങ്ങനെയൊരു അംഗീകാരം ലഭിക്കാറുള്ളതെന്ന് തൃഷ പറഞ്ഞു. ജാനുവിനെ എനിക്ക് തന്നതിന് പ്രേമിന് നന്ദി. ഇന്ന് എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ്. റാമായി കൂടെ നിന്നതിന് വിജയ് സേതുപതിക്കും നന്ദിയെന്നും തൃഷ വ്യക്തമാക്കി.