നരേന്ദ്ര മോദി നേതൃത്വം ഒഴിയുന്ന ദിവസം ഞാന്‍ രാഷ്ട്രീയം പ്രവര്‍ത്തനം അവസാനിപ്പിക്കും: സ്മൃതി ഇറാനി

single-img
4 February 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം അവസാനിപ്പിക്കുന്ന ദിവസം താനും ഇന്ത്യന്‍ രാഷ്ട്രീയം വിടുമെന്നു കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. മോദി ഇനിയുമേറെക്കാലം ഭരിക്കുമെന്നും സ്മൃതി പറഞ്ഞു. പൂണെയില്‍ നടക്കുന്ന വേര്‍ഡ്‌സ് കൗണ്ട് ഫെസ്റ്റിവലിന്റെ ഒരു സെക്ഷനില്‍ സംസാരിക്കുകയായിരുന്നു സ്മൃതി.

‘ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് ഊര്‍ജ്ജിതപ്രഭാവമുള്ള നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാനായിരുന്നു. വാജ്പയിക്ക് കീഴിലും ഇപ്പോള്‍ നരേന്ദ്രമോദിക്ക് കീഴിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. തനിക്ക് പ്രധാനമന്ത്രി പദവിയോട് മോഹമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണോ തന്റെ ബൂട്ട്‌സ് അഴിച്ചുവെച്ച് രാഷ്ട്രീയം വിടുന്നത്, അന്ന് ഞാനും രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തും’ സ്മൃതി ഇറാനി പറഞ്ഞു.

നിങ്ങള്‍ കരുതുന്നുണ്ടാകും മോദി അധികം കാലം ആ സ്ഥാനം തുടരില്ലെന്ന്, എന്നാല്‍ ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഇനിയും നിരവധി വര്‍ഷങ്ങള്‍ സജീവമായി തന്നെ ഉണ്ടാകും സ്മൃതി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ട്ടിയുടേയും പാര്‍ട്ടി അധ്യക്ഷന്റേയും തീരുമാനത്തിനനുസരിച്ചായിരിക്കുമെന്നും കാര്യങ്ങളെന്നും അവര്‍ പറഞ്ഞു.