അയല്‍വാസി പെണ്‍കുട്ടിയുടെ കവിളില്‍ കൊത്തി; പൂവന്‍കോഴി മൂലം പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി ദമ്പതികള്‍; ഒടുവില്‍ ‘പൂവന്‍ വീട്ടുതടങ്കലില്‍’

single-img
4 February 2019

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് പൂവന്‍ കോഴി മൂലം ദമ്പതികള്‍ വെട്ടിലായത്. അഞ്ചു വയസുകാരി റിതികയെ അയല്‍വാസിയായ പപ്പു ജാദവിന്റെ പൂവന്‍കോഴി കവിളില്‍ കൊത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതുസംബന്ധിച്ച് റിതികയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ 5 മാസത്തിനിടെ നാല് തവണ കോഴി തന്റെ മകളെ ആക്രമിച്ചെന്നും നിരവധി തവണ താക്കീത് നല്‍കിയിട്ടും കോഴിയുടെ ആക്രമണം തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിയുടെ ഉടമസ്ഥരായ പപ്പു ജാദവിനെയും ലക്ഷ്മിയെയും പൊലീസ് വിളിച്ചുവരുത്തി.

എന്നാല്‍ കോഴിയെ വെറുതെ വിടണമെന്നും പകരം തങ്ങളെ ശിക്ഷിച്ചോളൂ എന്നുമാണ് ഇവര്‍ പറഞ്ഞത്. കുട്ടികളില്ലാത്ത തങ്ങള്‍ക്ക് പൂവന്‍കോഴി സ്വന്തം കുഞ്ഞിനെപ്പോലെയാണെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ കോഴിയെ വെറുതെ വിടണമെന്നും ഇവര്‍ പരാതിക്കാരോട് അപേക്ഷിച്ചു. ഒടുവില്‍ കോഴിയെ ഇനി മുതല്‍ വീട്ടുതടങ്കലില്‍ വയ്ക്കണമെന്ന നിര്‍ദ്ദേശത്തോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി പ്രതികളെയും പരാതിക്കാരെയും പൊലീസ് പറഞ്ഞുവിട്ടു.