ബാറ്റ് ക്രീസിലിട്ട് ഓടിയ പാണ്ഡ്യ നിര്‍ണായക റണ്‍ നഷ്ടമാക്കി: ഹാട്രിക്ക് സിക്‌സടിച്ച് വിവാദങ്ങളെ കാറ്റില്‍ പറത്തി

single-img
4 February 2019

വെല്ലിങ്ടണ്‍ ഏകദിനത്തില്‍ ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗാണ് സ്‌കോര്‍ 250 കടത്താന്‍ സഹായിച്ചത്. എന്നാല്‍ തന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിനിടയിലും ഉറപ്പായിരുന്ന ഒരു റണ്‍ പാണ്ഡ്യ നഷ്ടപ്പെടുത്തി.

രണ്ട് റണ്‍സിനായി ഓടുന്നതിനിടെ ക്രീസിലേക്ക് ബാറ്റ് കൈവിട്ട് പോയതാണ് ഹാര്‍ദിക് പാണ്ഡ്യയുടെ വിലപ്പെട്ട ഒരു റണ്‍ നഷ്ടമാക്കിയത്. 49ാം ഓവറിലായിരുന്നു സംഭവം. നീഷാം എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് യോര്‍ക്കറായിരുന്നു. എന്നാല്‍ പന്ത് കൃത്യമായി കണക്ട് ചെയ്ത പാണ്ഡ്യ റണ്‍സിനായി ഓട്ടം തുടങ്ങി.

എന്നാല്‍ ആദ്യ റണ്‍ പൂര്‍ത്തിയാക്കാനായി താരം ക്രീസില്‍ ബാറ്റ് കുത്താന്‍ ശ്രമിച്ചപ്പോള്‍ പാണ്ഡ്യയുടെ കൈയില്‍ നിന്ന് ബാറ്റ് ക്രീസിലേക്ക് വീണു. ഫലത്തില്‍ പാണ്ഡ്യയ്ക്ക് ക്രീസില്‍ ബാറ്റ് കുത്താനായില്ല. എന്നാല്‍ താഴെ വീണ ബാറ്റ് അവിടെത്തന്നെയിട്ട പാണ്ഡ്യ, ബാറ്റില്ലാതെ രണ്ടാം റണ്ണിനായി ഓടി.

പാണ്ഡ്യ ആദ്യ റണ്‍പൂര്‍ത്തിയാക്കിയില്ലെന്നത് ഓണ്‍ ഫീല്‍ഡ് അമ്പയറുടെ ശ്രദ്ധയില്‍പ്പെട്ടില്ല, പക്ഷേ കിവി താരം ട്രെന്റ് ബോള്‍ട്ട് അത് കൃത്യമായി നിരീക്ഷിച്ചിരുന്നു. പാണ്ട്യ ഷോട്ട് റണ്‍സാണെന്ന് അമ്പയര്‍മാരെ ബോള്‍ട്ട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സ്‌കോറില്‍ നിന്ന് ഒരു റണ്‍സ് കുറയ്ക്കുകയും ചെയ്തു.

എന്നാല്‍ മത്സരത്തില്‍ ടോഡ് ആസിലിനെ തുടര്‍ച്ചായി മൂന്ന് തവണയാണ് പാണ്ഡ്യ സിക്‌സര്‍ പറത്തിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നാല്‍പ്പത്തിയേഴാം ഓവറിലായിരുന്നു ആസിലിനെതിരെ പാണ്ഡ്യയുടെ കടന്നാക്രമണം. അഞ്ചാം തവണയാണ് ഹാര്‍ദിക് ഹാട്രിക് സിക്‌സര്‍ നേടുന്നത്. പാക്കിസ്ഥാന്റെ ഇമാദ് വസീം, ശാദബ് ഖാന്‍, ശ്രീലങ്കയുടെ മലിന്ദ പുഷ്പകുമാര, ഓസ്‌ട്രേലിയയുടെ ആഡം സാംപ എന്നിവരാണ് മുമ്പ് തുടര്‍ച്ചയാ മൂന്നു പന്തുകള്‍ ഹാര്‍ദിക് ബൗണ്ടറിക്കു മുകളിലൂടെ പറത്തുന്നത് നിസ്സഹായരായി നോക്കിനിന്നത്.

https://vimeo.com/315053544