ഒമാനില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി

single-img
4 February 2019

വിദേശികള്‍ക്ക് 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ വിസാ നിരോധനം തുടരും. ആറു മാസക്കാലത്തേക്ക് കൂടി നിരോധനം നിലനില്‍ക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി വ്യക്തമാക്കി. സ്വദേശിവത്കരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ജനുവരി 30 മുതല്‍ ആറുമാസത്തേക്കാണ് നിരോധനം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അക്കൗണ്ടിംഗ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് സെയില്‍, അഡ്മിനിസ്‌ട്രേഷന്‍ മാനവവിഭം, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മെഡിക്കല്‍, എന്‍ജിനിയറിംഗ്, ടെക്‌നിക്കല്‍ എന്നീ മേഖലകളില്‍ നിന്നുള്ള 87 തസ്ഥികകള്‍ക്കാണ് കഴിഞ്ഞ ജനുവരി മുതല്‍ വിസാ നിരോധനം നിലനില്‍ക്കുന്നത്.

2018 ജനുവരി 28 മുതലാണ് 10 വിഭാഗങ്ങളിലായി 87 തസ്തികകളിലേക്കുള്ള വിസ ആറു മാസത്തേക്ക് നിരോധിച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. നിരോധന കാലാവധി ജൂലായ് 29 അവസാനിച്ചപ്പോള്‍ കാലാവധി 2019 ജനുവരി 29 വരെ നീട്ടിയിരുന്നു.

നിയന്ത്രണം പുതിയ വിസ അനുവദിക്കുന്നതില്‍ മാത്രമാണെന്നും നിലവിലുള്ള ജീവനക്കാര്‍ക്ക് വിസ പുതുക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.