നടന്‍ മോഹന്‍ലാലിനെ ഗോദയിലിറക്കാന്‍ ആര്‍.എസ്.എസിന്റെ പുതിയ തന്ത്രം

single-img
4 February 2019

ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സമ്മതം മൂളാത്ത മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനുള്ള ശ്രമം ആര്‍.എസ്.എസ് ആരംഭിച്ചതായാണ് വിവരം.

ബിജെപിക്കാര്‍ ആരും ജനകീയ മുന്നണി കമ്മിറ്റിയില്‍ ഉള്‍പ്പെടില്ല. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍, കെ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് ആര്‍എസ്എസിന്റെ താല്‍പര്യം. എന്നാല്‍ തിരുവനന്തപുരത്ത് വിജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കാത്ത ആര്‍എസ്എസിന്റെ നോട്ടം ലാലില്‍ തന്നെയാണ്.

ശബരിമല സമരത്തില്‍ നേരിട്ട് ഭാഗമാകാതെ ശബരിമല കര്‍മ സമിതി ഉണ്ടാക്കിയത് പോലെ ജനകീയ മുന്നണി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ആര്‍.എസ്.എസ് ഒരുങ്ങുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരെ ജനകീയ മുന്നണിയുടെ ഭാഗമാക്കാനും പദ്ധതിയുണ്ട്.

അങ്ങനെയാണെങ്കില്‍ എല്ലാ മത വിഭാഗങ്ങളില്‍ നിന്നും വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. ബി.ജെ.പിയുടെ ലേബലില്‍ അല്ലാതെ മത്സരിക്കുന്നതിനോട് ലാലിനും വിയോജിപ്പുണ്ടാകില്ലെന്നും കരുതുന്നു. ഇതിന് പുറമെ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെക്കൊണ്ട് ലാലിനോട് സംസാരിക്കാനും ആര്‍.എസ്.എസ് ആലോചിക്കുന്നുണ്ട്.

ജനകീയ മുന്നണിയുടെ രൂപീകരണത്തിന് പ്രമുഖ നേതാക്കളെ തന്നെ രംഗത്തിറക്കിയാണ് ആര്‍.എസ്.എസ് നീക്കങ്ങള്‍. ഇതിനോടകം തന്നെ തിരുവനന്തപുരം നഗരത്തിലെ പല പ്രമുഖരെയും ഇവര്‍ സമീപിച്ചിട്ടുണ്ട്. ക്രൈസ്ത മതപുരോഹിതരെയും മുന്നണിയുടെ ഭാഗമാക്കാനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി പരീക്ഷണം വിജയമായാല്‍ പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എയും വ്യക്തമാക്കിയിരുന്നു. ‘പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ പരിഗണനയിലുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല, ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല’. എന്നായിരുന്നു രാജഗോപാലിന്റെ പ്രസ്താവന.

നേരത്തെയും മോഹന്‍ലാലിന്റെരാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ പലവട്ടം പിന്തുണച്ചിട്ടുള്ള താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.