മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന് കോടികള്‍ പിരിച്ചതിന് കണക്കില്ല; ശ്രീധരന്‍ പിള്ള, മുരളീധര പക്ഷങ്ങള്‍ തമ്മില്‍ത്തല്ല് മുറുകി

single-img
4 February 2019

യുവമോര്‍ച്ച സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസമാണ് തൃശൂരില്‍ എത്തിയത്. വന്‍ ജനപങ്കാളിത്തം പ്രതീക്ഷിച്ചെങ്കിലും അമ്പതിനായിരത്തില്‍ താഴെ ആളുകളേ പങ്കെടുത്തിരുന്നുള്ളൂ എന്നാണ് ആര്‍.എസ്.എസ് നേതൃത്വം വിലയിരുത്തുന്നത്.

സൂക്ഷ്മമായി ആസൂത്രണം ചെയ്ത പരിപാടിയായിരുന്നിട്ടും മോദിയുടെ സന്ദര്‍ശനത്തിന് ആള് കുറഞ്ഞതില്‍ ആര്‍.എസ്.എസിന് അമര്‍ഷമുള്ളതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആള്‍ കുറഞ്ഞതിന്റെ ഉത്തരവാദിത്തം ബി.ജെ.പി നേതാക്കള്‍ക്കാണെന്നും അവര്‍ ഇതിന് വിശദീകരണം നല്‍കണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന് പണം പിരിച്ചതിന്റെ പേരില്‍ ശ്രീധരന്‍ പിള്ള, മുരളീധര പക്ഷങ്ങള്‍ തമ്മില്‍ത്തല്ല് മുറുകിയെന്നും ‘മാധ്യമം’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവിഭാഗങ്ങളും ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും ആര്‍.എസ്.എസിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജില്ല പ്രസിഡന്റ് എ. നാഗേഷ് ഉള്‍പ്പെടെ മുരളീധരപക്ഷത്ത് നില്‍ക്കുന്ന തൃശൂര്‍ ജില്ല നേതൃത്വത്തെ പൂര്‍ണമായും ഒഴിവാക്കിയാണ് പരിപാടി നടത്തിയത്. ഔദ്യോഗികപക്ഷക്കാരനായ സംസ്ഥാന വക്താവിനും ജനറല്‍ സെക്രട്ടറിക്കുമായിരുന്നു തൃശൂരില്‍ സംഘാടനച്ചുമതല. സ്റ്റേജിന് ആറര ലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണ് ഉണ്ടായിരുന്നത്. 15 ലക്ഷം രൂപ ചെലവിട്ടെന്നാണ് കണക്ക് കൊടുത്തത്. ഇത്തരം ഭീമമായ ക്രമക്കേടുകളുടെ തെളിവുകള്‍ ദേശീയനേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ഇനി പണം ആവശ്യപ്പെടില്ലെന്ന് പറഞ്ഞാണ് പലരില്‍ നിന്നും വന്‍ തുക വാങ്ങിയത്. ജില്ലയില്‍ നിന്നുള്ള പ്രമുഖ പ്രവാസി വ്യവസായിയില്‍ നിന്ന് അരക്കോടിയോളം രൂപ വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിപാടിയിലേക്ക് അടുപ്പിക്കാതിരുന്ന മുരളീധര വിഭാഗം നേതാവ് നേതൃത്വം അറിയാതെ നടത്തിയ പിരിവും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ഇരുവിഭാഗവും പരാതിയുമായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന് ആറ് കോടി കേന്ദ്രം നല്‍കിയിരുന്നു. ഇതിന് പുറമെ പിരിവും നടത്തി. ഇതിന്റെ കണക്ക് അവതരിപ്പിക്കാത്തതും കോഴിക്കോട് ദേശീയ കൗണ്‍സില്‍ യോഗത്തിന് പിരിച്ചതും നിയമസഭ തെരഞ്ഞെടുപ്പിനുള്‍പ്പെടെ പിരിച്ചതും ചെലവിട്ടതുമുള്‍പ്പെടെയുള്ള കണക്കുകളെ കുറിച്ചും പരാതിയില്‍ ഉന്നയിക്കുന്നുണ്ടെന്നാണ് വിവരം.

നേരത്തെ കുന്നംകുളത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം പിരിച്ചത് വിവാദമായിരുന്നു. ഇത്തവണയും ഭീഷണിപ്പെടുത്തി പിരിച്ചുവെന്ന പരാതിയോടൊപ്പമാണ് കണക്കില്ലെന്ന ആക്ഷേപവും. പ്രധാനമന്ത്രിയുടെ കൊല്ലം, തൃശൂര്‍ പരിപാടികള്‍ക്ക് അഞ്ചരക്കോടിയോളം രൂപ പിരിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്നത്.

അതിന് കണക്കില്ല എന്ന് മാത്രമല്ല, കള്ളക്കണക്കും എഴുതിയിട്ടുണ്ടെന്നാണ് വിവരം. കൊല്ലത്തെ പരിപാടി കഴിഞ്ഞ ഉടന്‍ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ശ്രീധരന്‍പിള്ള പക്ഷം പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്.