വയല്‍ക്കിളികള്‍ സമരം നിർത്തുന്നു; വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറി

single-img
4 February 2019

കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരം വയൽക്കിളികൾ നിർത്തുന്നു. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറി. ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരമുഖത്ത് നിന്നും വയല്‍ക്കിളികള്‍ പിന്മാറുന്നത്.

തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാത 45 മീറ്ററാക്കി വീതി കൂട്ടിയാൽ തളിപ്പറമ്പ് പട്ടണം തന്നെ ഇല്ലാതെയാകും എന്നതിനാലാണ് ബൈപ്പാസ് കുപ്പം-കീഴാറ്റൂർ-കൂവോട്-കുറ്റിക്കോൽ വഴി നിർമ്മികകാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചത്. എന്നാൽ കീഴാറ്റൂർ വഴി പാത നിർമ്മിച്ചാൽ അത് ആ ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ അത് നശിപ്പിക്കും എന്നാരോപിച്ചു കൊണ്ടാണ് സി പി എം പ്രവർത്തകനായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ ചിലർ സമരം തുടങ്ങിയത്.

സർവേ നടപടികളും സ്ഥലമേറ്റെടുക്കാനുള്ള മറ്റു നീക്കങ്ങളും വയൽക്കിളികൾ തടസ്സപ്പെടുത്തിയതോടെ സംസ്ഥാന സർക്കാരും പ്രതിരോധത്തിലായി. ഇതിനോടകം തന്നെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും സമരത്തിന് പിന്തുണയുമായി രം​ഗത്തു വന്നിരുന്നു. വിഷയത്തിൽ സജീവമായി ഇടപെട്ട ബിജെപി സുരേഷ് കീഴാറ്റൂരുമായി ദില്ലിയിലെത്തിക്കുകയും കേന്ദ്ര ഉപരിതല ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തു.

എന്നാൽ നിതിൻ ​ഗഡ്കരിയെ കണ്ടു ദിവസങ്ങൾക്കകം കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തുവരുകയായിരുന്നു. ഇതോടെ ബിജെപി ഉൾപ്പടെയുള്ള പാർട്ടികൾ സമര രംഗത്ത് നിന്നും പതിയെ പിന്മാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് വയൽക്കിളികളും സമരം അവസാനിപ്പിക്കുന്നത്.