കണ്ണൂരില്‍ ലൈംഗിക പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍

single-img
4 February 2019

കണ്ണൂര്‍ ജില്ലയില്‍ ലൈംഗിക പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥികളായ പെണ്‍കുട്ടികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസിന്റെ കണ്ടെത്തല്‍. പറശ്ശിനിക്കടവിലെ കൂട്ടമാനഭംഗക്കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ പീഡനക്കേസുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണു ഞെട്ടിക്കുന്ന കണ്ടെത്തല്‍.

പറശ്ശിനിക്കടവ് പീഡനത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയും അതേ സ്‌കൂളിലെ പത്തിലേറെ പെണ്‍കുട്ടികളും സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. ലഹരിമരുന്നും മൊബൈല്‍ഫോണും നല്‍കിയാണു സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കുന്നതെന്നാണു കണ്ടെത്തിയിട്ടുള്ളത്.

അതേസമയം, പിതാവ് അടക്കമുള്ള അടുത്ത ബന്ധുക്കള്‍ക്കു പുറമേ അയല്‍വാസികളും സുഹൃത്തുക്കളും പ്രണയം നടിച്ചെത്തിയവരും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു സര്‍വേ ഫലം വ്യക്തമാക്കുന്നു. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ മേല്‍നോട്ടത്തില്‍ കണ്ണപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ദീപയുടെ നേതൃത്വത്തിലാണു ജില്ലയിലെ സ്റ്റേഷനുകളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചത്.

ജില്ലയില്‍ പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും വിശദമായ കൂടിക്കാഴ്ച നടത്തിയായിരുന്നു പഠനം. പഠന ഫലം ജില്ലാ പൊലീസ് മേധാവിക്കു സമര്‍പ്പിച്ചു.