സ്വര്‍ണ വില വന്‍ കുതിപ്പിലേക്ക്; വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്ക് ഇരുട്ടടി

single-img
4 February 2019

സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡും ഭേദിച്ച് കുതിക്കുന്നു. പവന് ഇന്ന് 80 രൂപ വര്‍ധിച്ച് പുതിയ റിക്കാര്‍ഡിലെത്തി. 24,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 3,110 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതോടെ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം ദൃശ്യമാവുകയായിരുന്നു. വില ഇനിയും ഗണ്യമായി കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ സാമ്പത്തിക നിയന്ത്രണങ്ങുടെ ചുവട് പിടിച്ചാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ദ്ധിച്ചത്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വിവാഹ, ഉത്സവ സീസണുകളാണ് സ്വര്‍ണവില വര്‍ദ്ധിക്കുവാന്‍ കാരണം. രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളുള്‍പ്പെടെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഉത്സാഹം കാണിക്കുന്നതും സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായി.

സ്വര്‍ണവില ഇനിയും ഉയരുമെന്ന സൂചന നിലനില്‍ക്കുന്നതിനാല്‍ പഴയസ്വര്‍ണം തിടുക്കപ്പെട്ട് വില്‍ക്കേണ്ടതില്ലെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രളയ സെസ് സ്വര്‍ണത്തിന് 0.25ശതമാനം കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ കേരളത്തിലെ സ്വര്‍ണവില ഇനിയും ഉയരുമെന്ന് ഉറപ്പാണ്. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.