കുടുംബത്തെ പോറ്റാന്‍ അറിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ല : തുറന്നടിച്ച് നിതിന്‍ ഗഡ്കരി

single-img
4 February 2019

കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. കുടുംബത്തെ മാന്യമായി പോറ്റാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ലെന്നും എബിവിപിയുടെ മുന്‍ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ജീവിതം മാറ്റിവെച്ചു എന്ന് പറയുന്ന ഒരുപാട് പേരെ താന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഒരാളോട് അയാള്‍ എന്ത് ചെയ്യുകയാണെന്നും കുടുംബത്തില്‍ ആരെല്ലാമുണ്ടെന്നും താന്‍ ചോദിച്ചു. ലാഭം ലഭിക്കാത്തതിനാല്‍ നടത്തിയിരുന്ന കട അടച്ച് പൂട്ടിയെന്നും വീട്ടില്‍ ഭാര്യയും കുട്ടിയുമുണ്ടെന്നായിരുന്നു അയാളുടെ മറുപടി.

അദ്ദേഹത്തോട് കുടുംബത്തെ നന്നായി നോക്കാനാണ് താന്‍ നിര്‍ദേശിച്ചത്. നന്നായി കുടുംബത്തെ നോക്കാത്ത ഒരാള്‍ക്ക് ഒരിക്കലും രാജ്യത്തെയും നോക്കാനാവില്ല. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ആവശ്യമായ കാര്യങ്ങള്‍ ചെയ്ത ശേഷം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഗഡ്കരി പറഞ്ഞു.

വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം അത് പാലിക്കാത്ത രാഷ്ട്രീയ നേതാക്കളെ ജനങ്ങള്‍ പൊതു മധ്യത്തില്‍ ശിക്ഷിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഗഡ്കരിയുടെ പുതിയ പരമാര്‍ശം.