വാട്‌സാപ്പ് ഉപയോക്താക്കളുടെ പരാതിക്ക് ഒടുവില്‍ പരിഹാരമായി

single-img
3 February 2019

വാട്‌സാപ്പ് സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നും ഏതെങ്കിലും ഒരു സ്റ്റിക്കര്‍ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ഇനിമുതല്‍ മുഴുവന്‍ സ്റ്റിക്കര്‍ പാക്കുകളും ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. ഇഷ്ടമള്ള സ്റ്റിക്കറുകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വാട്‌സാപ്പ് അവതരിപ്പിച്ചു. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ 2.19.33 വേര്‍ഷനില്‍ ഈ സൗകര്യം ലഭ്യമായിരിക്കും.

ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.19.33ലേക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്ത് സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നും ആവശ്യമുള്ള സ്റ്റിക്കറുകളില്‍ ലോംഗ് പ്രസ് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്റ്റിക്കറിന്റെ ഡൗണ്‍ലോഡിംഗ് സൈസുള്‍പ്പടെയുള്ള കാര്യങ്ങളും സേവ് ചെയ്യുമ്പോള്‍ മനസ്സിലാക്കാവുന്നതാണ്.

അതിനിടെ, വാട്‌സാപ്പിന്റെ പേയ്‌മെന്റ് സര്‍വീസ് ഇന്ത്യയില്‍ തുടങ്ങുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്ത്യയില്‍ ഇത്തരമൊരു സേവനം തുടങ്ങുന്നതിനു മുന്‍പ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇവിടെത്തന്നെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സന്നദ്ധ സംഘടനയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

കേസില്‍ റിസര്‍വ് ബാങ്കിനെ കക്ഷിചേര്‍ക്കണമെന്നാണ് സെന്റര്‍ ഫോര്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് സിസ്റ്റമിക് ചെയ്ഞ്ച് എന്ന സംഘടനയുടെ ആവശ്യം. വ്യക്തിവിവരങ്ങള്‍ ഇന്ത്യയിലെ സെര്‍വറുകളില്‍ തന്നെ സൂക്ഷിക്കണമെന്ന ആവശ്യം വാട്‌സാപ്പ് പൂര്‍ണമായി പാലിച്ചിട്ടില്ലെന്നും ഇന്ത്യയില്‍ 20 കോടി ജനങ്ങള്‍ വാട്‌സാപ് ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്ക് കേസില്‍ കക്ഷിയാകണമെന്ന അപേക്ഷയില്‍ മാര്‍ച്ച് 5 നു വാദം കേള്‍ക്കും.