തിരുപ്പതി ഗോവിന്ദരാജസ്വാമി ക്ഷേത്രത്തില്‍ നിന്നും മൂന്നു കിരീടങ്ങള്‍ മോഷണം പോയി

single-img
3 February 2019

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിൽ നിന്നും 3 സ്വർണ്ണ കിരീടങ്ങൾ മോഷണം പോയി. അമൂല്യമായ രത്നങ്ങള്‍ കൊണ്ട് അലങ്കരിച്ച 1300 ഗ്രാം തൂക്കം വരുന്ന മൂന്ന് കിരീടങ്ങളാണ് മോഷണം പോയത്.

സാധാരണയായി നല്ല തിരക്കുള്ള ക്ഷേത്രമാണു തിരുപ്പതി ഗോവിന്ദരാജ് രാജ സ്വാമി ക്ഷേത്രം. സിസിടിവി ഉൾപ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. രാവിലെ സുപ്രഭാത പൂജകൾക്കായി നട തുറന്നപ്പോൾ കിരീടങ്ങൾ ഇല്ലാത്ത വിവരം ശ്രദ്ധയിൽ പെട്ട തിരുമല തിരുപ്പതി ദേവസ്വത്തിലെ വനിത ജീവനക്കാരിയാണ് മോഷണവിവരം അധികൃതരെ അറിയിച്ചത്.

മോഷണ വിവരം അറിഞ്ഞ ഉടൻ തന്നെ 6 പ്രത്യേക പോലീസ് സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചു. 2 ഡെപ്യൂട്ടി സൂപ്രണ്ടന്മാർക്കാണ് ഈ സംഘങ്ങളുടെ ചുമതല. പുറത്തു നിന്നും ഒരാൾക്ക് ക്ഷേത്രത്തിനകത്ത് കയറി കിരീടങ്ങൾ മോഷ്ടിക്കാൻ കഴിയില്ല എന്നാണ് പോലീസിന്റെ അനുമാനം. ക്ഷേത്ര ജീവനക്കാരേ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

തിരുപ്പതിയിലെ വളരെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗോവിന്ദരാജ സ്വാമി ക്ഷേത്രം . 1235-ല്‍ വൈഷ്ണവ മതാചാര പാരമ്പര്യങ്ങള്‍ അനുശാസിക്കുന്ന തച്ചു ശാസ്ത്രപ്രകാരം നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണ് ഇത്. ഗോപുരത്തിന് പുറമേ ചുറ്റുമതിലുകളോടുകൂടിയ രണ്ടു ക്ഷേത്രങ്ങള്‍ ഉണ്ട്. ക്ഷേത്രത്തിനെ തെക്കേ മൂലയിലുള്ള ശ്രീ കോവില്‍ പാര്‍ത്ഥസാരഥിയുടേയും , വടക്കുഭാഗത്തുള്ളത് ഗോവിന്ദരാജ സ്വാമിയുടെയും ക്ഷേത്രമാണ് സ്ഥിതിചെയ്യുന്നത്. ഇതിൽ വടക്കുഭാഗത്തുള്ളത് ഗോവിന്ദരാജ സ്വാമിയുടെക്ഷേത്രത്തിൽ നിന്നുമാണ് കിരീടങ്ങൾ മോഷണം പോയത്.