‘നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’; തന്നെ വിരട്ടിയ അധോലോക നായകന്‍ രവി പൂജാരിയോട് പി.സി. ജോര്‍ജ്

single-img
3 February 2019

കന്യാസ്ത്രീക്കെതിരെ സംസാരിച്ചതിന് അധോലോക നായകന്‍ രവി പൂജാരി തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. രണ്ടാഴ്ച മുന്‍പ് ആഫ്രിക്കയില്‍ നിന്നാണ് എനിക്ക് ഒരു നെറ്റ് കോള്‍ വരുന്നത്. തന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നു പൂജാരി പറഞ്ഞു.

ഇതു കേട്ടതോടെ ‘നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ ഞാനും മറുപടി പറഞ്ഞുവെന്ന് പി.സി. ജോര്‍ജ് വ്യക്തമാക്കി. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേ? എന്നാണു ചോദിച്ചത്. ഞാന്‍ കണ്ടില്ല, വായിക്കാന്‍ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നുപറഞ്ഞപ്പോഴാണു വിളിച്ചയാള്‍ താന്‍ രവി പൂജാരിയാണെന്നു വെളിപ്പെടുത്തുന്നത്.

ഇതു കേട്ടു രണ്ടാമതും ഇതേ നമ്പരില്‍ നിന്നു തന്നെ വിളിച്ചിരുന്നു. ആ വിളിയിലാണ് ഈ കൊട്ടേഷന്‍ ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ കന്യാസ്ത്രീകള്‍ക്കെതിരെ സംസാരിച്ചതിനാണെന്ന് എനിക്ക് മനസിലായത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസം സെനഗലില്‍നിന്നാണ് അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലാകുന്നത്. എഴുപതോളം കേസുകളില്‍ പ്രതിയായ പൂജാരിക്കെതിരെ ബെംഗളുരു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.