മോഹന്‍ലാലിനെ ‘കുരുക്കിലാക്കി’ ലാല്‍ ഫാന്‍സ് അസോസിയേഷന്‍; വെട്ടിലായി ബിജെപി

single-img
3 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനെത്തുമോ എന്ന കാര്യത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി രാഷ്ട്രീയകേരളത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മോഹന്‍ലാലിനെ ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തേക്ക് ഇറക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട് എന്ന് ഒ രാജഗോപാല്‍ എംഎല്‍എ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുമുണ്ട്.

മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ കേരളത്തിലെവിടെയും മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും അറിയിച്ചിരുന്നു. മോഹന്‍ലാല്‍ തയ്യാറാകുന്നപക്ഷം, തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയും ബിജെപി ആയിരിക്കുമെന്ന് എംടി രമേശ് അറിയിച്ചു. ഇക്കാര്യത്തില്‍ മോഹന്‍ലാലാണ് നിലപാട് അറിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ മത്സരിക്കണം എന്ന ആവശ്യത്തോട് മോഹന്‍ലാല്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല എന്നാണ് അറിയുന്നത്. ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഇറങ്ങുകയാണ് എങ്കില്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. ലാലിനെ രംഗത്ത് ഇറക്കുന്നതിന് വേണ്ടി നിരവധി വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇതിനിടയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവറി’ലാണ് ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധിയുടെ പ്രതികരണം.

മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിമല്‍ കുമാര്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയപാര്‍ട്ടിയും ഒരു നടനെ വെച്ചല്ല തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതെന്ന് വിമല്‍ കുമാര്‍ പറയുന്നു.

ഒരു ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി മോഹന്‍ലാല്‍ വന്ന സമയത്ത് അദ്ദേഹത്തിന്റെ സിനിമാ പോസ്റ്ററില്‍ കരിഓയില്‍ ഒഴിച്ചവരാണ് ആര്‍എസ്എസുകാര്‍. അതേ ആള്‍ക്കാര്‍ തന്നെയാണ് അദ്ദേഹത്തെ ഇപ്പോള്‍ മത്സര രംഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

മോഹന്‍ലാല്‍ പൊതുസമൂഹത്തിന്റെ സ്വത്താണ്. അദ്ദേഹം ഒരു കലാകാരനാണ്. രാജ്യം നിരവധി അവാര്‍ഡുകള്‍ നല്‍കി ആദരിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അത്തരത്തിലുള്ള ഒരാളെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവന്ന് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ക്ക് വിധേയനാക്കാനാണോ ബിജെപി ആഗ്രഹിക്കുന്നത് എന്നും വിമല്‍ ചോദിച്ചു.

ഒരു നടനെ വെച്ചല്ല ഒരു രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടത്. പാര്‍ട്ടികളുടെ നിലപാടുകളും നയങ്ങളും വച്ചാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റില്‍ പോയി ഒന്നും ചെയ്യാത്തതിന്റെ പേരില്‍ ഇന്നസെന്റിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ പോലും ആളുകള്‍ കൂക്കി വിളിക്കുകയാണ്.

മുകേഷിന്റെ കാര്യവും അങ്ങനെതന്നെയാണ്. മുകേഷും മണ്ഡലത്തില്‍ തിരിഞ്ഞ് നോക്കുന്നില്ല. സുരേഷ് ഗോപി സിനിമയില്‍ നിന്നും സ്വയം അവധി എടുത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണ്. എന്നാല്‍ മോഹന്‍ലാല്‍ അതുപോലെ അല്ല. അദ്ദേഹത്തിന് ഒരുപാട് സിനിമകള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാര്‍ത്ഥിയായെ ജനങ്ങള്‍ കാണൂ എന്നും വിമല്‍ വ്യക്തമാക്കി.

അതിനിടെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ബിജെപിയും ഗൗരവത്തിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ ജനവികാരം എതിരാക്കുമോ എന്ന ഭയം ബിജെപി നേതാക്കള്‍ക്കുണ്ട് എന്നാണ് സൂചന.