ധോണി എത്തിയിട്ടും അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്ത്; ഇന്ത്യയെ നാണക്കേടില്‍ നിന്ന് കരകയറ്റിയത് അമ്പാട്ടി റായുഡുവും ഹാര്‍ദിക് പാണ്ഡ്യയും

single-img
3 February 2019

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 253 റണ്‍സ് വിജയ ലക്ഷ്യം. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മുന്‍നിര ബാറ്റിങ് തകര്‍ന്നടിഞ്ഞ ഇന്ത്യയുടെ രക്ഷകനായത് അമ്പാട്ടി റായിഡുവാണ്. റായിഡുവിന്റേയും വിജയ് ശങ്കറിന്റേയും വാലറ്റത്ത് പാണ്ഡ്യയുടെ വെടിക്കെട്ടിന്റേയും ബലത്തിലാണ് ഇന്ത്യന്‍ സ്‌കോര്‍ 49.5 ഓവറില്‍ 252 റണ്‍സിലെത്തിയത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. രണ്ടക്കം കടക്കാതെയാണ് ധോണിയടക്കമുള്ള മുന്‍നിര താരങ്ങള്‍ പുറത്തായത്. രണ്ട് റണ്‍സെടുത്ത നായകന്‍ രോഹിത്ത് ശര്‍മയുടെ കുറ്റി തെറിപ്പിച്ചാണ് കിവികള്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

മാറ്റ് ഹെന്റിക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ ശിഖര്‍ ധവാനെ (6) ഹെന്റിയുടെ കൈകളിലെത്തിച്ച് ബൗള്‍ട്ടും വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. എം.എസ് ധോണിയെയും (1) നിലയുറപ്പിക്കും മുന്‍പ് ബൗള്‍ട്ട് പറഞ്ഞയച്ചപ്പോള്‍, പുതുമുഖം ശുഭ്മാന്‍ ഗില്ലിനെ (7) സാന്‍ഡ്‌നറുടെ കൈയിലെത്തിച്ച് മാറ്റ് ഹെന്റിയും ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചു.

തുടര്‍ന്ന് അംബാട്ടി റായുഡുവും വിജയ് ശങ്കറും നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയ്ക്കു തുണയായി. പതുക്കെയാണെങ്കിലും 29 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. 116–ാം റണ്‍സില്‍ ഈ കൂട്ടുകെട്ട് ന്യൂസീലന്‍ഡ് തകര്‍ത്തു. അര്‍ധ സെഞ്ചുറിയിലേക്കടുത്ത വിജയ് ശങ്കര്‍ റണ്ണൗട്ടാകുകയായിരുന്നു.

വിജയ് ശങ്കര്‍ 64 പന്തില്‍ 45 റണ്‍സെടുത്തു. അംബാട്ടി റായുഡു 113 പന്തില്‍ 90 റണ്‍സും, ഹാര്‍ദിക് പാണ്ഡ്യ 22 പന്തില്‍ 45 റണ്‍സും നേടി. ന്യൂസീലന്‍ഡിനായി മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ മൂന്ന് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. നാലാം മല്‍സരം ജയിച്ച ന്യൂസീലന്‍ഡ് അവസാന പോരാട്ടം കൂടി ജയിച്ച് നാണക്കേടൊഴിവാക്കാനാണു ശ്രമിക്കുന്നത്.