വാഹന ഉടമകള്‍ ജാഗ്രതൈ!: ഇനി ഈ ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ ലൈസന്‍സും രജിസ്‌ട്രേഷനും പോകും

single-img
3 February 2019

സീറ്റ് ബെല്‍റ്റ് ഇടാത്തവരേയും ഹെല്‍മെറ്റ് വയ്ക്കാത്തവരേയും വേഗത്തില്‍ വാഹനമോടിക്കുന്നവരേയും പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നും വളവുകളില്‍ പതുങ്ങിനിന്നും പിടിക്കും. എന്നാല്‍, ബ്രൈറ്റ് ഇട്ട് രാത്രിയില്‍ ഓടിക്കുന്നവരെ കാണുകപോലുമില്ല എന്ന് മോട്ടോര്‍ വാഹന വകുപ്പിനേക്കുറിച്ച് പണ്ടേ പരാതിയുണ്ട്.

ബ്രൈറ്റ് ലൈറ്റിനാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മറ്റേതൊരു വാഹന നിയമ ലംഘനം ഉണ്ടാക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് നിമിഷനേരത്തേക്ക് കാഴ്ച്ച നഷ്ടപ്പെടുന്നതിനാല്‍ കാല്‍നടക്കാരും അപകടത്തില്‍പെടാറുണ്ട്.

ഇതില്‍ പലപ്പോഴും പ്രകാശ തീവ്രത അധികമുള്ള ഹെഡ് ലൈറ്റുകളാണ് അപകട തീവ്രത വര്‍ധിപ്പിക്കുന്നത്. മിക്ക വാഹനങ്ങളിലും അനധികൃതമായി പ്രകാശ തീവ്രത അധികമുള്ള ഹെഡ് ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുമുണ്ട്. ഇതോടെ പ്രകാശ തീവ്രത അധികമുള്ള ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

തീവ്രത കൂടിയ ഹെഡ്‌ലാമ്പ് ഘടിപ്പിച്ച് വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനുമാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 31 നകം അനധികൃതമായി ഘടിപ്പിച്ച ഹെഡ്‌ലാമ്പ് ഊരിമാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കിക്കഴിഞ്ഞു.

മോഡിഫൈ ചെയ്ത വാഹനങ്ങളിലാണ് അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്‌സ് മീറ്റര്‍ ഉപയോഗിച്ച് വാഹനങ്ങളുടെ പ്രകാശ തീവ്രത അളക്കുക. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുണ്ട്.

ആര്‍സി ബുക്കിലെ വിവരങ്ങള്‍ വാഹനങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യാമെന്നും സുപ്രീം കോടതി നേരത്തെ തന്നെ വിധിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമായിരിക്കണം തുടര്‍ന്നും വാഹനത്തില്‍. മോഡലുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഉടമകള്‍ക്ക് അനുവാദമില്ല. വലിയ അലോയ് വീലുകള്‍, ശബ്ദതീവ്രത കൂടിയ ഹോണുകള്‍, തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ എന്നിവയെല്ലാം ഘടിപ്പിക്കുന്നത് അനധികൃത മോഡിഫിക്കേഷനില്‍പ്പെടും.