World

വിമാനയാത്രക്കിടെ ബഹളമുണ്ടാക്കി; യുവാവിന് പതിനൊന്നര ലക്ഷം രൂപ പിഴ

വിമാനയാത്രക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവാവിന് പിഴ ശിക്ഷ. ഡേവിഡ് സ്റ്റീഫന്‍ യങ്ങിനാണ് 16,000 ഡോളര്‍ പിഴ നല്‍കേണ്ടി വന്നത്. ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കാല്‍ഗറിയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കിടെ മദ്യലഹരിയായിരുന്ന ഡേവിഡ് ബഹളമുണ്ടാക്കി മറ്റ് യാത്രക്കാരെ അസഭ്യം പറയുകയായിരുന്നു.

ഡേവിഡിന്റെ ശല്യംകാരണം വിമാനം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചിറക്കേണ്ടി വന്നു. പിന്നീട് വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് യുവാവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. ലണ്ടനിലെത്തി തിരികെ കാല്‍ഗറിയിലേക്ക് എത്താനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നെന്നും വിമാനം തിരിച്ചിറക്കിയതു കാരണം വന്‍തോതില്‍ ഉന്ധനനഷ്ടമുണ്ടായിയെന്നും ആരോപിച്ചായിരുന്നു കേസ്.

ഡേവിഡ് കോടതിയില്‍ മാപ്പപേക്ഷ നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല. 20000 ടണ്‍ ഇന്ധനത്തിന്റെ വില ഡേവിഡ് നല്‍കണമെന്നാണ് കോടതി വിധി. എന്നാല്‍ ഡേവിഡിന്റെ അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തിലായതു കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് ഡേവിഡിന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.

തുടര്‍ന്ന് കോടതി പിഴ കുറഞ്ഞ തുകയിലൊതുക്കി. അതേസമയം യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വെസ്റ്റ് ജെറ്റ് നല്‍കേണ്ടി വരും. ഇന്ധനത്തിന്റെ തുകയും കൂടിയാവുമ്പോള്‍ വിമാനക്കമ്പനിയ്ക്ക് ഒന്നരലക്ഷത്തോളം ഡോളര്‍ നഷ്ടമാകുമെന്നാണ് സൂചന.