ചർച്ച വിജയം; എൻഡോസൾഫാൻ ദുരിത ബാധിതർ സമരം അവസാനിപ്പിച്ചു

single-img
3 February 2019

എന്‍ഡോസള്‍ഫാന്‍ സമരസമിതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ചര്‍ച്ച വിജയിച്ചു. ഇതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിക്കാന്‍ സമര സമിതി തീരുമാനിച്ചു. സമരം പൂര്‍ണ വിജയമെന്നാണ് സമരസമിതി മാധ്യമങ്ങളെ അറിയിച്ചത്.

ദുരിതബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ ധാരണയായി. 2017ല്‍ തയാറാക്കിയ പട്ടികയിലെ 18 വയസിനു മുകളിലുള്ളവര്‍ക്ക് ഉടന്‍ ആനുകൂല്യം ലഭ്യമാക്കാനാണ് ധാരണ. മറ്റുള്ളവരുടെ കാര്യം പ്രത്യേക സമിതി പരിഗണിക്കും. കളക്ടര്‍ അടങ്ങുന്ന സമിതിയായിരിക്കും ഇത് പരിഗണിക്കുക. അതേസമയം, പഞ്ചായത്ത് അതിര്‍ത്തികള്‍ ആനുകൂല്യത്തിന് മാനദണ്ഡമാക്കില്ല. ദുരിതബാധിത മേഖലകളില്‍ വീണ്ടും മെഡിക്കല്‍ ക്യാന്പ് നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി.

സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായി സമൂഹിക പ്രവര്‍ത്തക ദയാബായി പറഞ്ഞു. മന്ത്രിമാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളടക്കം കാര്യമായെടുക്കുന്നില്ലെന്നും ദയാബായി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ സമരം നിര്‍ത്തിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ഞായറാഴ്ച രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതിയും നിലപാടെടുത്തു. ഇതിനു പിന്നാലെയായിരുന്നു സമരക്കാരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ചര്‍ച്ചയ്ക്കായി വിളിച്ചത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിലേക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരം വ്യാപിപ്പിച്ചിരുന്നു. ഞായറാഴ്ച സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് സങ്കടയാത്ര നയിച്ചാണ് ഇരകളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലിഫ് ഹൗസിലേക്ക് നീങ്ങിയത്. ഇവരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു.