ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചു; എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിച്ചു

single-img
3 February 2019

എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. സമരം അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2017ല്‍ മെഡിക്കല്‍ സംഘം കണ്ടെത്തിയവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. അന്ന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും ആനുകൂല്യം നല്‍കാനാണ് തീരുമാനം. പഞ്ചായത്തിന്റെ അതിർത്തി നോക്കാതെ തന്നെ ദുരന്ത ബാധിതരായ എല്ലാവർക്കും ആനുകൂല്യം നൽകാനും ചർച്ചയിൽ തീരുമാനമായി. ഇതോടെ ദുരിത ബാധിതരുടെ പട്ടികയിൽ കൂടുതൽ പെരെ ഉൾപ്പെടുത്താനാകും. ദുരിത ബാധിത മേഖലകളിൽ വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്താനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ചർച്ചയിൽ തീരുമാനമായി. തുടര്‍ നടപടികള്‍ക്ക് കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ അറിയിച്ചു.

പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തിയതിന്‍റെ പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഒാഫീസ് ചര്‍ച്ചയ്ക്ക് വിളിച്ചത്.