ഉള്ളില്‍ കരയുന്ന ആണുങ്ങള്‍; ഡോക്ടര്‍ ഷിനു ശ്യാമളന്റെ കുറിപ്പ് വൈറല്‍

single-img
3 February 2019

ഭാര്യക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കണ്ണുനീര്‍ വാര്‍ത്ത ഒരു ഭര്‍ത്താവിന്റെ അനുഭവം പങ്കുവെക്കുന്ന ഡോക്ടര്‍ ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കരയാത്ത പുരുഷന്മാര്‍ കരയുമ്പോള്‍ ഒരു കടല്‍ തന്നെ ഉണ്ടാകും. ആ കടലിനെ തടുക്കുവാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ആണുങ്ങളെ അധികം കരഞ്ഞു കാണാറില്ല അല്ലെ? പക്ഷെ അവര്‍ കരയുമ്പോള്‍ അവരുടെ നെഞ്ചില്‍ എത്ര മാത്രം തീ പുകയുന്നുണ്ടാകും?

ഒ.പി യില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. തോളിലെ തോര്‍ത്തില്‍ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് ഒപ്പുന്നുണ്ട്. ഭാര്യയുടെ കൈയ്യിലുള്ള വെളുത്ത തോര്‍ത്തു കൊണ്ട് അവര്‍ മുഖം മൂടിയിട്ടുണ്ട്.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പേപ്പറുകളാണ് കൈയ്യില്‍. അവ എനിക്ക് നേരെ നീട്ടി. ഈ. എസ്.ഐ ആശുപത്രിയില്‍ മെഡിക്കല്‍ ലീവ് എടുക്കാന്‍ വന്നതാണവര്‍. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ‘adenocarcinoma colon’ എന്ന് എഴുതിയിട്ടുണ്ട്. ഭാര്യയുടെ വന്‍കുടലില്‍ ക്യാന്‍സറാണ്.

‘വീട്ടില്‍ ആരൊക്കെ ഉണ്ട്’ ഞാന്‍ ചോദിച്ചു

‘ഞാനും ഭാര്യയും മാഡം’

‘മക്കള്‍ എന്ത് ചെയ്യുന്നു?’

‘മക്കളില്ല ‘..

വീണ്ടും വിധിയുടെ ക്രൂരത. വാര്‍ധക്യത്തിലും.. ഏകാന്തതയുടെ തീച്ചൂളയില്‍ എരിയുന്ന തീയിലേയ്ക്ക് വീണ്ടും തീനാളം പതിച്ചു കൊണ്ടേയിരുന്നു.

ഭാര്യ കരയുന്നേയില്ല. മരവിച്ച മനസ്സുമായി അവര്‍ എന്റെ അടുത്തു ഇരിപ്പുണ്ട്. പക്ഷെ ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് നിറഞ്ഞു ഒഴുകുന്ന ചാലിനെ എനിക്ക് അടയ്ക്കുവാന്‍ സാധിച്ചില്ല.

‘കരയേണ്ട, അസുഖം ഒക്കെ മാറില്ലേ? എല്ലാം ശെരിയാകും’

എന്നു പറഞ്ഞു ലീവ് എഴുതി കൊടുത്തപ്പോള്‍ ഭാര്യ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് പോയി. അദ്ദേഹം ആരും കാണാതെയിരിക്കുവാന്‍ എന്റെ മുന്നില്‍ ആ കണ്ണുകള്‍ തുടച്ചതിന് ശേഷം ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി. മറ്റുള്ളവരുടെ മുന്‍പില്‍ ആണുങ്ങള്‍ ചിരിക്കും. ഉള്ളില്‍ കരഞ്ഞുകൊണ്ട് അവര്‍ ചിരിക്കും.??

ഇത്രയും ഭാര്യയെ സ്‌നേഹമുള്ള ഭര്‍ത്താവിനെ അവര്‍ക്ക് ലഭിച്ചില്ലേ. കരയാത്ത പുരുഷന്മാര്‍ കരയുമ്പോള്‍ ഒരു കടല്‍ തന്നെ അവിടെ ഒഴുകും. ആ കടലിനെ തടുക്കുവാന്‍ ആര്‍ക്കും സാധിക്കില്ല??.

അവര്‍ വേഗം സുഖം പ്രാപിക്കട്ടെ..

ഡോ. ഷിനു ശ്യാമളന്‍