തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അനില്‍ അംബാനി

single-img
3 February 2019

പാപ്പര്‍ ഹര്‍ജി നല്‍കാനൊരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്ന് ചെയര്‍മാന്‍ അനില്‍ അംബാനി വ്യക്തമാക്കുന്നത്.

നാല്‍പത്തിയാറായിരം കോടി രൂപയുടെ കടമാണ് നിലവില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന് ഉള്ളത്. 2017 ജൂണ്‍ മുതലുള്ള കണക്ക് പ്രകാരം കടബാധ്യത ഉയരുന്നതല്ലാതെ യാതൊരു മാറ്റവും പ്രകടമല്ല. മുകേഷ് അംബാനിയുടെ ജിയോക്ക് സ്‌പെക്ട്രം വിറ്റ് ആയിരം കോടിയും, സ്വത്തുക്കളും ഓഹരിയും വിറ്റ് ഇരുപത്തിഅയ്യായിരം കോടിയും വീട്ടാമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ.

എന്നാല്‍, ഇതൊന്നും നടക്കില്ലെന്ന സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച് ആദ്യം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ദേശീയ കമ്പനി നിയമട്രൈബ്യുണലിന് മുന്‍പില്‍ ഇക്കാര്യം ആവശ്യപ്പെട്ടകാര്യം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍തന്നെ വാര്‍ത്താകുറിപ്പില്‍ വ്യക്ത്മാക്കുകയായിരുന്നു.

സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍, ആര്‍.കോമിനെതിരെ ട്രൈബ്യുണലില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. നടപടികളില്‍നിന്ന് ഒഴിവാക്കുന്നതിനായി കമ്പനിക്ക് ട്രൈബ്യുണല്‍ പിന്നീട് സമയം നല്‍കി. എന്നാല്‍, കടബാധ്യത കൂടിയതല്ലാതെ മാറ്റമൊന്നും ഉണ്ടായില്ല.

45,000 കോടി രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുള്ളത്. അതില്‍ 13,000 കോടി രൂപ പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ളതാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ റഫേല്‍ ഇടപാടില്‍ പങ്കാളിയാക്കിയത് വിവാദമായിരുന്നു.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ റഫേല്‍ ഇടപാടില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള നടപടി അനില്‍ അംബാനിയെ വഴിവിട്ട് സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണണമുണ്ടായി. ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാര്‍ ആണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് പറഞ്ഞിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ടെലികോം രംഗത്ത് നിന്ന് പൂര്‍ണമായും പിന്‍മാറാനും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചിരുന്നു. 2017 ജൂണ്‍ രണ്ടിനാണ് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടര്‍ന്ന് പല പ്രോജക്ടുകളും അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. റിലയന്‍സിന്റെ ഡിടിഎച്ച് ബിസിനസായ ബിഗ് ടിവി കടബാധ്യത കാരണം 2017ല്‍ പൂട്ടിയിരുന്നു.

നിരക്കുകള്‍ ഗണ്യമായി കുറച്ചതുവഴി ഇന്ത്യയിലെ ടെലികോംരംഗത്ത് വിപ്ലവം ഉണ്ടാക്കിയ കമ്പനിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍. പക്ഷെ, സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.