ആഡംബര കാറിൽ ഗതാഗത നിയമം ലംഘിച്ച് അമിതവേഗതയിൽ പാഞ്ഞു താരപുത്രൻ; നടൻ ബാബുരാജിൻ്റെ മകനെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി

single-img
3 February 2019

ഗതാഗത നിയമം ലംഘിച്ച് കാറോടിച്ചതിനെ തുടര്‍ന്ന്  താരപുത്രനെ ഒടുവിൽ പൊലീസ് പിടികൂടി. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ നടന്‍ ബാബു രാജിൻ്റെ മകന്‍ അക്ഷയ്  ആണ് ഒടുവിൽ പിടിയിലായത്.

അടിമാലി പത്താംമൈലില്‍ പൊലീസ് കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താത്തതില്‍ സംശയം തോന്നിയാണ് ടൗണില്‍ വച്ച് പൊലീസുകാര്‍ പിടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വാഹനമോടിച്ചത് നടൻ ബാബുരാജിന് മകനാണെന്ന് പൊലീസിന് മനസ്സിലായത്.

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാര്‍ പൊലീസിന്‌ടെ പരിശോധക സംഘമാണ് ആദ്യം പത്താം മൈലില്‍ തടഞ്ഞത്. കൈകാണിച്ച് നിറുത്താനാവശ്യപ്പെട്ടിട്ടും വകവെക്കാതെ  അമിതവേഗത്തിൽ പാഞ്ഞ കാറിനെക്കുറിച്ചുളള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.

കൈകാണിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയ വാഹനത്തിൽ നിഗൂഡത തോന്നിയ സ്‌റ്റേഷനിലെ പൊലീസുകാര്‍ സെന്ട്രല്‍ ജംഗ്ഷനില്‍ കാര്‍ വരുന്നതും കാത്ത് നിലയുറപ്പിച്ചു. വിവരമറിഞ്ഞതോടെ നാട്ടുകാരും പൊലീസിനൊപ്പം കൂടി. തുടര്‍ന്ന് അര മണിക്കൂര്‍ കഴിഞ്ഞെത്തിയ വാഹനം  പോലീസും നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു.

പിടികൂടി സ്‌റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് വാഹനമോടിച്ച യുവാവ് നടന്‍ ബാബുരാജിന്റെ മകന്‍ അക്ഷയ് ആണെന്ന് അറിയിച്ചത്. പൊലീസ് വാഹനം പരിശോധിച്ചെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനുമായില്ല.  പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് നിറുത്താഞ്ഞതിനു കാരണമായ് അക്ഷയ് പറഞ്ഞത്. തുടര്‍ന്ന് അമിത വേഗതക്ക് 500 രൂപ പിഴ ഈടാക്കി യുവാവിനെ പൊലീസ് വിടുകയായിരുന്നു.