ദേശവിരുദ്ധ വികാരവും വിഘടനവാദവും വളർത്തി രാജ്യത്തിൻ്റെ മതേതരഘടനയെ തകർക്കും; സിമി നിരോധനം അഞ്ചു വർഷത്തേക്കു കൂടി നീട്ടി കേന്ദ്രസർക്കാർ

single-img
2 February 2019

സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയ്ക്ക് (സിമി) ഏർപ്പെടുത്തിയിരുന്ന നിരോധനം അഞ്ചുവർഷത്തേക്കു കൂടി നീട്ടി കേന്ദ്രസർക്കാർ . വിധ്വംസകപ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിരോധനം നീട്ടിയത്.  2014 ഫെബ്രുവരി 1 മുതൽ 5 വർഷത്തേക്കുള്ള നിരോധനം ഇന്നലെ അവസാനിച്ചിരുന്നു.

ദേശവിരുദ്ധവും മതസ്പർദ്ധ വളർത്തുന്നതുമായ നിരവധി സംഭവങ്ങൾക്ക് പിന്നിൽ സംഘടനയ്ക്ക് പങ്കുണ്ട്. സിമിയുടെ നിയമവിരുദ്ധപ്രവർത്തനങ്ങൾ ഉടൻ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തില്ലെങ്കിൽ വിധ്വംസക പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രാലയം വിജ്ഞാപനത്തിൽ പറയുന്നു.  കൂടാതെ, ദേശവിരുദ്ധ വികാരവും വിഘടനവാദവും വളർത്തി രാജ്യത്തിൻ്റെ മതേതരഘടനയെ തകർക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമ(1967)ത്തിന്റെ മൂന്നാം വകുപ്പിലെ ഒന്ന്, മൂന്ന് ഉപവകുപ്പുകൾ പ്രകാരമാണ് നിരോധനം. ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനവിഭാഗമായി 1977 ലാണ് സിമി ആരംഭിച്ചത്. പിന്നീട് ജമാഅത്തെ ഇസ്‌ലാമി സിമിയുമായുള്ള ബന്ധം വേർപെടുത്തി. 2001 സെപ്‌റ്റംബറിലാണ് ആദ്യമായി സംഘടനയെ നിരോധിച്ചത്. 2003, 06, 08, 14 വർഷങ്ങളിൽ ഇതു പുതുക്കി. ഗയ സ്ഫോടനം, ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം എന്നിവയുൾപ്പെടെ സിമി പ്രവർത്തകർ ഉൾപ്പെട്ട 58 കേസുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കൈവശം ഉള്ളത്.