ഞങ്ങള്‍ക്ക് ഇതൊരു അസുലഭ അവസരമാണെന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് പറയുന്നത് തെറ്റാണോ എന്ന ചോദ്യവുമായി ശ്രീധരൻപിള്ള

single-img
2 February 2019

യുവമോർച്ച വേദിയിലെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ശ്രീധരന്‍ പിള്ളയ്ക്ക് ഇപ്പോള്‍ സൗമ്യ മുഖമല്ല ഉള്ളത്, ഒരു ഹിംസ്രജന്തുവാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള സിപിഎമ്മിൻ്റെ ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന പ്രചാരണത്തിന്റെ ബലിയാടാണ്  താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്റേണല്‍ മീറ്റിംഗില്‍ പറയുന്നതും പൊതുവേദിയില്‍ പറയുന്നതും വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതുമൊക്കെ പരസ്പരവിരുദ്ധമാകരുതെങ്കിലും ഓരോന്നിനും അതിന്റേതായ ശൈലിയുണ്ട്. ഞങ്ങളുടെ ഒരു ഇന്റേണല്‍ മീറ്റിംഗില്‍ പറഞ്ഞ കാര്യത്തെ അങ്ങനെ കാണാനുള്ള മാന്യത മാധ്യമങ്ങള്‍ കാണിച്ചില്ല. ഇതൊരു യുദ്ധമല്ലെന്നും ഗാന്ധിയന്‍ മാതൃകയിലുള്ള സമരമാകണമെന്നും മറ്റും യുവമോര്‍ച്ചയുടെ ആ സംസ്ഥാനസമിതി യോഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. എന്നാൽ അക്കാര്യം മാധ്യമങ്ങളൊന്നും ശ്രദ്ധിച്ചില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതു മാറ്റിവച്ചിട്ട് എന്തോ ഒന്നു കണ്ടുപിടിച്ചതുപോലെ വാര്‍ത്ത കൊടുത്തു. ഞങ്ങള്‍ക്ക് ഇതൊരു അസുലഭ സന്ദര്‍ഭമാണ് എന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് പറയുന്നത് തെറ്റാണോയെന്നും  ശ്രീധരന്‍ പിള്ള ചോദിക്കുന്നു. തന്നെ മറ്റൊരു രീതിയിൽ ചിത്രീകരിക്കുന്നതിലൂടെ രാഷ്ട്രീയത്തിലെ പ്രാഥമിക മാന്യതകള്‍ ഇല്ലാതാകുന്നുവെന്നും മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

അക്കാര്യത്തില്‍ വേദനിക്കുന്ന ആളാണ് ഞാന്‍. കാരണം, കേരളത്തിലെ മാധ്യമങ്ങള്‍ക്കുവേണ്ടി എന്റെയത്രയും കേസ് നടത്തിയിട്ടുള്ള ഒരു വക്കീല്‍ വേറെയില്ല. നിഷ്പക്ഷരായ നിരവധിയാളുകളുണ്ട്. അവരെല്ലാം നിശ്ശബ്ദരാണ്. ആ മൗനം കുറ്റകരമാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കളെ ഒരു ദിവസത്തേക്കായാലും ബഹിഷ്‌കരിക്കാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചതിന് എന്താണ് ന്യായീകരണമെന്നും  അദ്ദേഹം ചോദിച്ചു.